''കേസുകൊടുക്കുമെന്നു പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കറിവയ്ക്കാതിരുന്നത്''; വിവാദങ്ങളോട് പ്രതികരിച്ച് ഫിറോസ്
യൂടൂബിൽ നോക്കിയാൽ മലയാളികൾ തന്നെ മയിലിനെ കറിവയ്ക്കുന്ന വിഡിയോകളുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അറയില്ല. മറ്റു തരത്തിലൊക്കെ ആളുകൾ കണ്ടിട്ടുണ്ട്. അവരുടെ അറിവില്ലായ്മകൊണ്ടായിരിക്കാം. തെറിപറഞ്ഞവരോട് പോലും വൈരാഗ്യമില്ല-മീഡിയവണ്ണിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫിറോസ് ചുട്ടിപ്പാറ
ഭീഷണിപ്പെടുത്തുകയും കേസുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്നു തീരുമാനിച്ചതെന്ന് ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. സീരിയലുകളും സിനിമകളും പോലെ പ്രത്യേകം തിരക്കഥ തയാറാക്കിയാണ് വിഡിയോ ചെയ്തത്. തിരക്കഥയിൽ പ്ലാൻ ചെയ്തതെല്ലാമാണ് കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദങ്ങൾക്കു പിറകെ മീഡിയവണ്ണിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.
ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്. നാട്ടിൽനിന്ന് വരുമ്പോൾ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകൾ കാണിക്കുകയായിരുന്നു ലക്ഷ്യം. ദുബൈയിൽ മയിലിനെ കറിവയ്ക്കാൻ വന്നതല്ല. എക്‌സ്‌പോ കാണാനാണ് സത്യത്തിൽ ഇവിടെ വന്നത്-ഫിറോസ് പറഞ്ഞു.
ഇതിൽ നമ്മൾക്ക് ഒരു വിഷയവും വരാനില്ല. ഞാൻ നിലവിൽ നാട്ടിലില്ല, ദുബൈയിലാണുള്ളത്. ദുബൈയിൽ മാനിനെയും മയിലിനെയുമൊക്കെ കറിവയ്ക്കുന്നത് ലീഗലാണ്. പക്ഷെ, മയിൽ ഭക്ഷ്യയോഗ്യമായ ഒരു സാധനമല്ല. അതു മനസിലാക്കിയാണ് നമ്മൾ അതിനെ കറിവയ്ക്കാൻ നിൽക്കാത്തത്. മയിലിനെ ഭക്ഷിക്കുന്ന ആളുകളുണ്ട്. യൂടൂബിൽ നോക്കിയാൽ മലയാളികൾ തന്നെ മയിലിനെ കറിവയ്ക്കുന്ന വിഡിയോകളൊക്കെയുണ്ട്. പക്ഷെ, എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അറയില്ല. മറ്റു തരത്തിലൊക്കെ ആളുകൾ കണ്ടിട്ടുണ്ട്. അവരുടെ അറിവില്ലായ്മകൊണ്ടായിരിക്കാം. അല്ലാതെ ആളുകളെ വെറുപ്പിക്കാന്‍ ചെയ്തതല്ല. ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. തെറിപറഞ്ഞവരോട് പോലും വൈരാഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുവെ വിവാദം വരാനുള്ള സാധ്യതയുണ്ട്. ഇതുവരെ വിവാദത്തിനായി ഒന്നും കൊടുത്തിട്ടില്ല. വിവാദമുണ്ടാകുമ്പോൾ കൂടുതൽ ആളുകളിലേക്ക് പോകുമെന്നതാണ്, കൂടുതൽ അറിയപ്പെടുമെന്നതാണ് അതിന്റെ സത്യം. ഇപ്പോൾ ഉണ്ടായതിൽ സങ്കടമോ ദുഃഖമോ ഒന്നുമില്ല. കാരണം, ആ വിവാദമുണ്ടായതുകൊണ്ട് നമ്മളെ അറിയാത്ത ആളുകൾകൂടി അറിഞ്ഞു. അതു നല്ലതു തന്നെയാണ്. വിവാദം വരട്ടെ. ഏറ്റവും കൂടുതൽ ലാഭം ചെയ്യുന്നത് വിവാദമാണ്. ഫ്രീ പ്രമോഷനാണല്ലോ ഇത്-ഫിറോസ് കൂട്ടിച്ചേര്‍ത്തു
അഭിമുഖത്തിന്റെ മുഴുവൻ ഭാഗം ഇവിടെ കാണാം
Summary: Food vlogger Firoz Chuttipara said he decided not to kill the peacock, was not out of fear of being threatened and prosecuted. The video was made with a special script like serials and movies. He also said that everything planned in the script was shot and released exactly. Firoz's response came in an exclusive interview with MediaOne following the latest controversy.