പേരാമ്പ്രയിലെ ആസിഡ് ആക്രമണം: 'പ്രതി സ്വന്തം മകനെയും കൊല്ലാന്‍ ശ്രമിച്ചു, പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല'; യുവതിയുടെ അമ്മ
പ്രതി മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്ന് അമ്മ പറയുന്നു

പ്രതി പ്രശാന്ത്,ആക്രമണത്തിനിരയായ യുവതിയുടെ അമ്മ സ്മിത

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡൊഴിച്ച പ്രതി പ്രശാന്തിനെതിരെ കൂടുതൽ ആരോപണവുമായി യുവതിയുടെ അമ്മ. പ്രശാന്ത് ഏഴ് വർഷം മുൻപ് ഇവരുടെ മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായ പൂനത്ത് സ്വദേശി പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു.
'മൂത്തമകനെ പെട്രോളൊഴിച്ച് കൊല്ലാനായിരുന്നു ശ്രമം.അയൽവാസി തട്ടി മാറ്റിയതിനാൽ അന്ന് അപകടം ഉണ്ടായില്ല. പ്രബിഷയോടും മക്കളോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രബിഷയെ പ്രശാന്ത് പലവട്ടം മർദിച്ചു. മർദനത്തിൽ കണ്ണ് തകർന്നു.രണ്ട് ദിവസം മുമ്പും പ്രബിഷയെ ആക്രമിക്കാൻ ബൈക്കിൽ പിന്തുടർന്ന് എത്തി'. പ്രശാന്ത് സ്ഥിരമായി ലഹരിക്കടിമയാണെന്നും അമ്മ പറഞ്ഞു.
അതേസമയം, ബാലുശ്ശേരി പൊലീസിനെതിരെയും ഗുരുതര ആരോപങ്ങളാണ് പ്രബിഷയുടെ അമ്മ പറയുന്നത്. പ്രശാന്തിനെതിരെ എട്ടുതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. പ്രതിയായ പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടുവെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും പ്രബിഷയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'എട്ടു കൊല്ലം മുന്‍പാണ് വീടുണ്ടാക്കിയത്. എന്നാല്‍ ഒരു ജനലിന് പോലും ചില്ല് ഇല്ല.അതെല്ലാം പ്രതി വന്ന് തകര്‍ത്തതാണ്. ഇതൊക്കെ പൊലീസിനോട് കാണിച്ചുകൊടുത്തിട്ടും കാര്യമാക്കിയില്ല. മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ തയ്യാറാക്കി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാറുണ്ടെന്ന് അമ്മ പറയുന്നു. ഇതുസംബന്ധിച്ചും മകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അതിലും നടപടിയെടുത്തില്ലെന്നും അമ്മ ആരോപിച്ചു. ആസിഡ് ദേഹത്ത് വീണ് ഒരു കണ്ണ് പൂര്‍ണമായും അടഞ്ഞ നിലയിലാണ്. വായയിലും മുറിവേറ്റതിനാല്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ല. നെഞ്ചിലും വലിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും അമ്മ പറയുന്നു.
ആസിഡ് ആക്രമണത്തില്‍ യുവതിയുടെ മുഖത്തും നെഞ്ചിലും പൊള്ളലേറ്റു. ആസിഡിയൊഴിച്ച ശേഷം പ്രതി പ്രശാന്ത് മേപ്പയൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 9.30ഓടുകൂടി ചെറുവണ്ണൂരിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു പ്രബിഷ. ഇതേസമയം ഇവരുടെ മുന്‍ ഭര്‍ത്താവായ പ്രശാന്തും അവിടെയുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഇയാള്‍ യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.