ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി
പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല..പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ നിലപാടെടുത്തു.
ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെകെ രമ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാലിത് പരിഗണിക്കാൻ പോലും സ്പീക്കർ തയ്യാറായില്ല. അങ്ങനൊരു നീക്കം സർക്കാർ നടത്തുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നെന്നും വിഷയത്തിന് അടിയന്തര പ്രധാന്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ വാദം.
സർക്കാർ മറുപടി പറയുന്നതിന് പകരം സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണെന്നായിരുന്നു സ്പീക്കറിന്റെ നടപടിയോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറാണോ മറുപടി പറയേണ്ടത് എന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ശിക്ഷായിളവ് സംബന്ധിച്ച ജയിൽ മേധാവിയുടെ കത്തും മറ്റ് രേഖകളും കൈവശമുണ്ടെന്നും വിഷയത്തിന് അടിയന്തരപ്രാധാന്യമുണ്ടെന്നും പ്രതിപക്ഷം ആവർത്തിച്ചെങ്കിലും സ്പീക്കർ വഴങ്ങാൻ തയ്യാറായില്ല.
പ്രതിപക്ഷ നേതാവിന് സമയം നൽകേണ്ടപ്പോഴെല്ലാം നൽകിയിട്ടുണ്ടെന്നും ഇപ്പോഴുന്നയിക്കുന്ന വിഷയത്തിന് അടിയന്തരപ്രാധാന്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. തുടർന്ന് സഭാനടപടികൾ തുടരാൻ കഴിയാത്ത തരത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.