'ബിഹാർ നിയമസഭയിൽ ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസിനെതിരെയാണ് കേസെടുത്തത്'; ശിവൻകുട്ടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
"രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ"
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ പ്രതികളായ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവരെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലെ സംഭവങ്ങളിൽ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന പതിവ് രാജ്യത്തുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്, ബിഹാർ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ സംഭവങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചത്. രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;
'1988 ജനുവരിയിൽ തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ അടിപിടിയുണ്ടായി. മൈക്കും സ്റ്റാൻഡും ചെരിപ്പും ഉപയോഗിച്ച് അംഗങ്ങൾ പരസ്പരം ആക്രമിച്ചു. കോൺഗ്രസ്, ഡിഎംകെ,എഡിഎംകെ അംഗങ്ങൾ തമ്മിലായിരുന്നു ആക്രമണം. ഒടുവിൽ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നത് വരെയെത്തി. 1989 മാർച്ച് 25ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയിൽ അടിപിടിയുണ്ടായി. കരുണാനിധി, ജയലളിത എന്നിവരുൾപ്പെടെ ആക്രമിക്കപ്പെട്ടു. ഡിഎംകെ-എഡിഎംകെ അംഗങ്ങൾ തമ്മിലായിരുന്നു അടി നടന്നത്.
1997 ഒക്ടോബർ 22ന് ഉത്തർപ്രദേശിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിയമസഭയ്ക്കുള്ളിൽ വലിയ തോതിൽ അക്രമമുണ്ടായി. സ്പീക്കർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കസേര, പലക, മൈക്ക്, മറ്റുപകരണങ്ങൾ എന്നിവ ഒക്കെ ഉപയോഗിച്ചാണ് അംഗങ്ങൾ പരസ്പരം ആക്രമിച്ചത്. ആംബുലൻസ് എത്തിയാണ് പലരെയും ആശുപത്രിയിലാക്കിയത്. കോൺഗ്രസ്, ബിജെപി, എസ്പി, ബിഎസ്പി അംഗങ്ങൾ പരസ്പരം ആക്രമിച്ചു. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരക്കുമിത്.
2007 സെപ്തംബർ 14ന് ഡൽഹി നിയമസഭയിലെ ഒരു കോൺഗ്രസ് അംഗം ബിജെപി ചീഫ് വിപ്പിനെ തല്ലി. 2009 ഡിസംബർ പത്തിന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞാ വാചകം മറാഠിയിൽ ചൊല്ലാതെ ഹിന്ദിയിൽ ചൊല്ലി എന്ന് പറഞ്ഞാണ് സഭയ്ക്കുള്ളിൽ വച്ചു തന്നെ ആക്രമണമുണ്ടായത്. മഹാരാഷ്ട്ര നവനിർമാൺ സേനാ അംഗം സമാജ് വാദി അംഗത്തെയാണ് മർദിച്ചത്. 2011 ഡിസംബറിൽ ഒഡിഷ നിയമസഭാ സ്പീക്കർക്ക് നേരെ ഒരു കോൺഗ്രസ് അംഗം കസേരയെറിഞ്ഞു. സ്പീക്കർ ബിജു ജനതാദൾ അംഗമായിരുന്നു.
2013ൽ തമിഴ്‌നാട് നിയമസഭയിൽ ഡിഎംഡികെയിൽപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തല്ലി. റിബൽ അംഗം മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതായിരുന്നു കാരണം. 2014ൽ തെലങ്കാന ബിൽ രൂപീകരണ അവതരണ സമയത്ത് പാർലമെന്റിൽ കോൺഗ്രസ് നേതാവ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. 2017 മെയിൽ ഡൽഹി നിയമസഭാംഗമായിരുന്ന ആപ് അംഗത്തെ മറ്റു ആപ് അംഗങ്ങൾ സഭയിൽ നിന്ന് വലിച്ചിഴച്ചു പുറത്താക്കി. 2019 ഡിസംബറിൽ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപി-ശിവസേന അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. 2021 മാർച്ച് 23ന് ബിഹാറിലെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറെ ചേംബറിൽ തടഞ്ഞുവച്ചതിനെ തുടർന്ന് പൊലീസെത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും ഒരു ആർജെഡി അംഗത്തിന് പരിക്കേറ്റു. 2021 ജൂലൈയിൽ മഹാരാഷ്ട്ര അസംബ്ലിയിൽ ബിജെപി എംഎൽഎമാർ സ്പീക്കറുടെ ചേംബറിലെത്തി കൈയാങ്കളി നടത്തി. സ്പീക്കർ എൻസിപി അംഗമായിരുന്നു.
ബിഹാർ സഭയിൽ ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. എംഎൽഎയുടെ പേരിൽ ക്രിമിനൽ കേസെടുക്കുന്ന പതിവ് പൊതുവെ രാജ്യത്തുണ്ടായിട്ടില്ല. ഇന്ത്യൻ നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചത്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിർത്താനാണ് സംസ്ഥാന സർക്കർ ശ്രമിച്ചത്. നിയമസഭയ്ക്ക് അകത്തെ പ്രവർത്തനത്തിന്റെ പേരിൽ ആർക്കെങ്കിലും എതിരെ ഒരു കേസ് സർക്കാർ സ്വീകരിച്ചിട്ടില്ല.
ഇതൊരു പുതിയ സംഭവമാണെന്ന് തോന്നും വിധം പർവതീകരിച്ചു ചിത്രീകരിക്കുന്നത് യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.നിയമസഭയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാകേണ്ടതില്ല എന്ന നയം നമ്മുടെ അന്തസ്സ് തകർക്കാനേ ഉപകരിക്കൂ.
രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇത് കാണാൻ കഴിയുകയുള്ളൂ. പാർലമെന്ററി പ്രവിലേജിന്റെ അതിര് ഏതുവരെ എന്ന പ്രശ്‌നം സുപ്രിംകോടതി പരിശോധിച്ചിട്ടുണ്ട്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. ആരുടെയും പേരെടുത്ത് പരാമർശിച്ചിട്ടുമില്ല. അതു കൊണ്ടു തന്നെ ഈ വിധത്തിലുള്ള അടിയന്തര പ്രമേയത്തിന് പ്രസക്തിയില്ല. നേരത്തെ, ഒരു വിജിലൻസ് കോടതി പാമോലിൻ കേസ് മുൻ നിർത്തി കേസെടുക്കാൻ നിർദേശിച്ചപ്പോൾ ആ ജഡ്ജിയെ ഗവ. ചീഫ് വിപ്പ് തന്നെ മ്ലേച്ഛമായ ഭാഷിൽ അധിക്ഷേപിച്ചത് മറക്കാവുന്നതല്ല.
നിയമനിർമാണ സഭ ഒരു പരമാധികാര സഭയാണ്. നടപടിക്രമങ്ങളുടെ ചട്ടങ്ങളുടെ കസ്റ്റോഡിയൻ സ്പീക്കറാണ്. സഭയിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ സഭയിൽ തീരണം. അത് പുറത്തേക്ക് കൊണ്ടുപോകുന്നത് അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാകും ശക്തിപ്പെടുത്തുക. സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. ഒരു കേസിന് രണ്ടു ശിക്ഷ എന്നത് നിയമതത്വങ്ങൾക്ക് തന്നെ എതിരാണ്. സഭയിലെ അംഗങ്ങളെ അന്നത്തെ സ്പീക്കർ സസ്‌പെൻഡ് ചെയ്തതാണ്. അതൊരു ശിക്ഷയാണ്'
അതിനിടെ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തുപോയി.