പിണറായിയെ മറ്റ് സംസ്ഥാന ഘടകങ്ങള്‍ ക്ഷണിച്ചില്ല; പരിഹസിച്ച് ആന്റണി
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കേരളത്തിലെ ഇടത്പക്ഷത്തിനാണ് തെറ്റിയതെന്നും എ.കെ ആന്റണി പറഞ്ഞു
കോഴിക്കോട്: സി.എ.എ അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നടത്തുന്ന വിമര്‍ശനങ്ങളെ സി.പി.എമ്മിന്റെ മറ്റ് ഘടകങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം പ്രചാരണത്തിന് പോലും ക്ഷണിക്കുന്നില്ലെന്നും എ.കെ ആന്റണി പരിഹസിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കേരളത്തിലെ ഇടത്പക്ഷത്തിനാണ് തെറ്റിയതെന്നും എ.കെ ആന്റണി പറഞ്ഞു. മീഡിയവണ്‍ 'നേതാവ്' പരിപാടിയിലാണ് എ.കെ ആന്റണിയുടെ പരാമര്‍ശങ്ങള്‍.
ഭരണഘടനയുണ്ടാക്കിയതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനാണ്. അന്ന് പുറം തിരഞ്ഞ് നിന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. അതിനാല്‍ ഭരണഘടന സംരക്ഷണ കാര്യത്തിലെ കോണ്‍ഗ്രസിനെതിരായ സി.പി.എം വിമര്‍ശനത്തില്‍ കാര്യമില്ല. കേരളത്തിന് പുറത്തുള്ള സി.പി.എമ്മുകാര്‍ കേരളത്തിലെ സി.പി.എം നിലപാടിനെ അംഗീകരിക്കുന്നില്ല. അതിനാലാണ് പിണറായി വിജയനെ പ്രചാരണത്തിന് പോലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ ക്ഷണിക്കാത്തതെന്നും എ. കെ ആന്റണി പരിഹസിച്ചു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥ്വത്തെ ന്യായീകരിച്ച എ.കെ ആന്റണി എല്‍.ഡി.എഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി. അതേസമയം വയനാട്ടില്‍ കോണ്‍ഗ്രസ് പതാക ഉപയോഗിക്കാത്തതിന് എതിരായ വിമര്‍ശനത്തേയും ആന്റണി തള്ളി.
കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഇടിവ് സംഭവിച്ചു. കേരളത്തില്‍ ബി.ജെ.പി 20 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോവും. അനില്‍ ആന്റണിയും പത്മജാ വേണുഗോപാലും പോയത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് വിലയിരുത്തിയ ആന്റണി ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളോട് അജണ്ട മാറ്റാനുള്ളതായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വിശദീകരിച്ചു.
ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് പൊതു പരിപാടികളില്‍ ആന്റണി പങ്കെടുക്കില്ല.