പ്ലസ് വൺ പ്രവേശനം: അപേക്ഷാതീയതി വ്യാഴാഴ്ച വരെ നീട്ടണമെന്ന് ഹൈക്കോടതി

സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്

Update: 2022-07-18 15:36 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള തീയതി ജൂലൈ 21 വരെ നീട്ടാൻ ഹൈക്കോടതി നിർദേശം. സി.ബി.എസ്.ഇ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. ഹരജി 21 ന് വീണ്ടും പരിഗണിക്കും. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.

സി.ബി.എസ്.ഇ ഇതുവരെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21 ന് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. ഇതിന് മുമ്പ് സിബിഎസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചാൽ 23 വരെ അപേക്ഷിക്കാനുള്ള അവസരം നൽകാമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

അതേസമയം നാല് ലക്ഷത്തോളം വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നുണ്ട്. പ്രവേശന നടപടികൾ വൈകുന്നത് പരീക്ഷാ നടത്തിപ്പിനെയടക്കം ബാധിക്കുമെന്ന വാദവും അതിനിടെ ഉയർന്നു. പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നറിയിക്കാനായി സി.ബി.എസ്.ഇ അഭിഭാഷകൻ സാവകാശം തേടിയിട്ടുണ്ട്. തുടർന്നാണ് 21 വരെ അപേക്ഷാ തീയതി നീട്ടാൻ കോടതി നിർദേശിച്ചത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News