പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 97 പുതിയ ബാച്ചുകൾ അനുവദിക്കും
കാസർകോട് മുതൽ പാലക്കാട് വരേയുള്ള ജില്ലകളിലേക്കാണ് ബാച്ച് അനുവദിക്കുന്നത്.
Update: 2023-07-24 04:57 GMT
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ 97 പുതിയ ബാച്ചുകൾ അനുവദിക്കും. ഇത് സംബന്ധിച്ച ശിപാർശ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക. കാസർകോട് മുതൽ പാലക്കാട് വരേയുള്ള ജില്ലകളിലേക്കാണ് ബാച്ച് അനുവദിക്കുന്നത്.
ഇന്നും നാളെയുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിലെ പ്രവേശനം നടക്കുക. അതിന് ശേഷം ബാക്കിയാവുന്ന കുട്ടികൾക്ക് വേണ്ടിയാവും പുതിയ ബാച്ച് അനുവദിക്കുക. 5000 സീറ്റ് അധികമായി ലഭിച്ചാൽ മലബാറിലെ പ്രതിസന്ധി പരിഹരിക്കാനാവും എന്ന കണക്കുകൂട്ടലാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. മലപ്പുറം ജില്ലക്ക് തന്നെയാവും പ്രഥമ പരിഗണന ലഭിക്കുക എന്നാണ് കരുതുന്നത്.