സംസ്ഥാനത്തെ പോക്സോ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 9650 കേസുകള്‍

തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്

Update: 2021-09-01 04:46 GMT
Advertising

സംസ്ഥാനത്തെ പോക്സോ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 9650 കേസുകളെന്ന് ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍. തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെ മാത്രം 1612 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.

സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നത് പരിഗണിച്ച് കോടതികളുടെ എണ്ണം കൂട്ടിയെങ്കിലും കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍. കോടതികളില്‍ കെട്ടിക്കിടക്കുന്ന ആകെ കേസുകള്‍ 9650 ആണ്. തൃശൂരിലാണ് ഏറ്റവുമധികം കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്- 1325 എണ്ണം. തിരുവനന്തപുരത്ത് 1000, കോഴിക്കോട് 1213, കൊല്ലം 682, പത്തനംതിട്ട 335, ആലപ്പുഴ 516, കോട്ടയം 514, ഇടുക്കി 588, എറണാകുളം 651, പാലക്കാട് 619, മലപ്പുറം 613, വയനാട് 262, കണ്ണൂര്‍ 860, കാസര്‍ഗോഡ് 472 എന്നിങ്ങനെയാണ് ജില്ലകളിലെ കോടതികളില്‍ കെട്ടിക്കുന്ന കേസുകളുടെ എണ്ണം.

പോക്സോ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ഇവ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ 28 താല്‍ക്കാലിക അതിവേഗ പ്രത്യേക കോടതികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് കോടതികളിലെ പ്രതിസന്ധിക്ക് കാരണമാകുന്നത്. 2019ല്‍ 3609ഉം 2020ല്‍ 3019ഉം പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ആറ് മാസത്തിനകം 1612 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News