'കവിതയ്ക്ക് മൂന്നര ലക്ഷം രൂപ പ്രതിഫലം കിട്ടി, എല്ലാം ബാങ്കിൽ കിടക്കുകയാണ്': മന്ത്രി ജി സുധാകരൻ

സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2021-04-17 06:30 GMT
Editor : abs
Advertising

ആലപ്പുഴ: മൂന്നര ലക്ഷം രൂപയാണ് മനോരമ കവിതയ്ക്ക് പ്രതിഫലം തന്നതെന്ന് മന്ത്രി ജി. സുധാകരൻ. എല്ലാ കാലത്തും മനോരമ മാനേജ്‌മെന്റുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

' എനിക്കേറ്റവും നല്ല ബന്ധമാണ് മനോരമയുടെ മാനേജ്‌മെന്റുമായി ഉള്ളത്. ഒരു കവിതയ്ക്ക് 2500 വച്ച് 150 കവിതയ്ക്ക് മൂന്നര ലക്ഷം രൂപയാണ് മനോരമ പ്രതിഫലം തന്നത്. എല്ലാം ബാങ്കിൽ കിടക്കുകയാണ്. എന്റെ സിഡി മ്യൂസിക്കാക്കി മനോരമ സ്വന്തം ചെലവിൽ ഇറക്കി. ഇതൊക്കെ ആരെങ്കിലും ചെയ്യുമോ? അവർ എന്നെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, അവർ തെറ്റായ വാർത്തകൾ കൊടുത്തു. അത് അവർ തിരുത്തുകയും ചെയ്തു. എന്നെ വിമർശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും രണ്ടും രണ്ടാണ്. അത്രയേ ഉള്ളൂ' - സുധാകരൻ പറഞ്ഞു.

തന്റെ കുടുംബത്തിനെതിരെ വന്ന വിമർശനങ്ങളിൽ വൈകാരികമായാണ് സുധാകരൻ പ്രതികരിച്ചത്. ' പത്തു വർഷം മന്ത്രിയായിട്ട് എന്റെ ഭാര്യ എന്തിലെങ്കിലും ഇടപെട്ടു എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? അവര്‍ ഇപ്പോ റിട്ടയർ ചെയ്തു വീട്ടിലിരിക്കുകയാണ്. അപ്പോൾ തോന്നുമല്ലോ പലതിലും ഇടപെടണമെന്ന്. ഇടപെട്ടോ? ആർക്കും ആക്ഷേപമില്ലല്ലോ? എന്റെ മകൻ നാടുവിട്ടു പോയി. വെളിയിൽ പോയി ഒന്നാന്തരം ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ ഭാര്യയും അവിടെയാണ്. ഇപ്പോൾ അവർ വോട്ടു ചെയ്യാൻ വന്നു. അവൻ തിരിച്ചു പോയി. അവന് വേണമെങ്കിൽ വോട്ടു ചെയ്യാൻ വരാതിരിക്കാമായിരുന്നില്ലേ. എന്തിനാ ഇത്രയും പൈസ മുടക്കുന്നത്? അവന് നല്ല ഇടതുപക്ഷ ബോധമുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് സുധാകരൻ ആവർത്തിച്ചു. 'പരാതി നൽകിയ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലുമില്ല. ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. പരാതിക്ക് പിന്നിൽ ഒരു സംഘമാണ്. പല പാർട്ടിക്കുള്ളിൽ ഉള്ളവരും ഈ ഗ്യാങ്ങിലുണ്ട്. സിപിഎമ്മിന് ഉള്ളിലുള്ളവർ ഇതിലുണ്ടോയെന്ന് പരിശോധിക്കുമെന്നും അത്തരത്തിൽ ആരെങ്കിലും പാർട്ടിയിലുണ്ടെങ്കിൽ അവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമമാണ് എനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ. യഥാർഥ കമ്യൂണിസ്റ്റാണ്. ജീവിതാവസാനം വരെ അങ്ങനെ തന്നെ ആയിരിക്കും' - സുധാകരൻ വ്യക്തമാക്കി.

Tags:    

Editor - abs

contributor

Similar News