ബലാത്സംഗക്കേസ്: സിദ്ദീഖിനെ വിളിച്ചുവരുത്തുന്നതിൽ നിയമോപദേശം തേടി പൊലീസ്
സിദ്ദീഖ് എവിടെയെന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെ വിളിച്ചുവരുത്തുന്നതിൽ നിയമോപദേശം തേടി പൊലീസ്. നിയമോപദേശം ലഭിച്ച ശേഷമാവും അന്വേഷണ സംഘം നോട്ടീസ് നൽകുക. എന്നാല്‍ സിദ്ദീഖ് എവിടെയെന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
സിദ്ദീഖിന്റെ അഭിഭാഷകനുമായി പൊലീസ് ബന്ധപ്പെട്ട് ഇന്നോ നാളെയോ നോട്ടീസ് നല്‍കാനാണ് തീരുമാനം. സുപ്രിംകോടതിയില്‍നിന്ന് ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സിദ്ദീഖ് ഹാജരായാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.
അതേസമയം, നോട്ടീസ് ലഭിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിദ്ദീഖിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള വ്യക്തമാക്കി.
ഇന്നലെയാണ് ലൈംഗികപീഡന പരാതിയിൽ നടൻ സിദ്ദീഖിന് സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടുതൽ ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാവണമെന്നുമാണ് ഉപാധി. സിദ്ദീഖിൻ്റെ അറസ്റ്റ് കോടതി രണ്ടാഴ്ചത്തേക്ക് തടയുകയും ചെയ്തു. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് താരം സുപ്രിംകോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്.