നിയമനക്കോഴ തട്ടിപ്പിന് പിന്നിൽ ബാസിതും ഉണ്ടെന്ന സംശയത്തിൽ പൊലീസ്
ഹരിദാസന്റെ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് ലെനിൻ രാജിനെ അറിയിച്ചത് താൻ ആണെന്ന് ബാസിത് പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം: നിയമനക്കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവനും ലെനിനുമൊപ്പം ബാസിതുമുണ്ടെന്ന സംശയത്തിൽ പൊലീസ്. ഹരിദാസന്റെ മരുമകൾ ജോലിക്ക് അപേക്ഷിച്ചത് ലെനിൻ രാജിനെ അറിയിച്ചത് താൻ ആണെന്ന് ബാസിത് പൊലീസിന് മൊഴി നൽകി. ലെനിൻ രാജ് ആണ് ഇക്കാര്യം അഖിൽ സജീവനെ അറിയിച്ചതും തട്ടിപ്പിന് കളമൊരുക്കിയതും.
ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ബാസിതും സെക്രട്ടറിയേറ്റ് അനക്സ് രണ്ടിൽ ഹരിദാസനൊപ്പം ഉണ്ടായിരുന്നതായി മനസിലായി.
ഇതോടെ ബാസിതിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് പരിശോധിച്ച് തുടങ്ങി. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ കെ.പി ബാസിത് എ.ഐ.എസ്.എഫ്. മലപ്പുറം മുൻ ജില്ലാ പ്രസിഡന്റാണ്. ബാസിതിനെ അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹരിദാസൻ.