സിദ്ദീഖിന്റെ മുൻകൂർ ജാമ്യം തടയാൻ പൊലീസ്; നിസഹകരണം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലേക്ക്
പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് ഇന്ന് മൊഴി നൽകിയത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂർ ജാമ്യം തടയാൻ പൊലീസ്. സിദ്ദീഖ് ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കം. ഇനി കോടതി വഴി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. ഇന്ന് ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദീഖിനെ വിട്ടയച്ചു.
പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് ഇന്ന് മൊഴി നൽകിയത്. പരാതിക്കാരിയുമായി ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട താരം ഇന്ന് ബാങ്ക് രേഖകൾ മാത്രമാണ് ഹാജരാക്കിയത്. ഇത് അന്വേഷണത്തിൽ നിർണായകമല്ലെന്ന് പൊലീസ് പറയുന്നു.
2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴി ചോദ്യം ചെയ്യലിൽ സീദ്ദിഖ് നിഷേധിക്കുകയും ചെയ്തു. 2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖ് മറുപടി നൽകിയത് ഒന്നോ രണ്ടോ വരിയിൽ മാത്രമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇങ്ങനെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഇതിനായി 22ാം തിയതിക്ക് മുമ്പ് പൊലീസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. 22ന് കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഈ വാദം ഉന്നയിക്കും. അന്വേഷണ സംഘത്തെ സംബന്ധിച്ച് ഈ ദിവസം വളരെ നിർണായകമാണ്. അതിനുള്ള റിപ്പോർട്ട് തയാറാക്കുക എന്നതാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ള ജോലി.
ഇന്നു രാവിലെ മകൻ ഷഹീനൊപ്പമാണ് സിദ്ദീഖ് സ്റ്റേഷനിലെത്തിയത്. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി മെറിൻ ജോസഫും കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിയിരുന്നു. കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽനിന്ന് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്. സെപ്റ്റംബർ 30നാണ് സിദ്ദീഖിന് സുപ്രിംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
ലൈംഗികപീഡന പരാതിയിൽ ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിംകോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലായിരുന്നു. തുടർന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് സിദ്ദീഖ് പുറത്തെത്തിയത്.