'മൂന്ന് മണിക്കൂറിലേറെ നിർത്തരുത്, 30 കിലോമീറ്ററിലേറെ നടത്തരുത്...'; ആന എഴുന്നള്ളിപ്പിന് മാർഗരേഖ
ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു
കൊച്ചി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി. ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാസമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ ആനകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 100 മീറ്റർ അകലത്തിൽ വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം. വിശ്രമവേളകളിൽ മതിയായ തണലുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ട് ആനകൾക്കിടയിൽ ചുരുങ്ങിയത് മൂന്നു മീറ്റർ ദൂരം വേണം. തീപ്പന്തമോ അഗ്നിനാളമോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് അഞ്ചു മീറ്റർ അകലം പാലിക്കണം. അടിയന്തരഘട്ടത്തിൽ ആനകൾക്കും പൊതുജനങ്ങൾക്കും വെവ്വേറെ ഒഴിപ്പിക്കൽ മാർഗം കണ്ടെത്തണം. ഇതിനായി ഫയർ ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരവും വേണം.
ആനകളുടെ എണ്ണം നിശ്ചിത മാർഗരേഖയിൽ പറഞ്ഞിട്ടുള്ള സ്ഥല- സംവിധാന ക്രമീകരണങ്ങൾക്കനുസരിച്ച് തിട്ടപ്പെടുത്തണം. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ പൊതു റോഡുകളിൽ ആന എഴുന്നള്ളിപ്പ് നടത്തരുത്. തുടർച്ചയായി മൂന്നു മണിക്കൂറിലേറെ ആനകളുടെ പ്രദർശനം പാടില്ല. രാത്രി പത്തിനും പുലർച്ചെ നാലിനും ഇടയിൽ ആനകളെ വാഹനങ്ങളിൽ കൊണ്ടു പോകരുത്. പ്രതിദിനം 30 കിലോമീറ്ററിലേറെ നടത്തിക്കൊണ്ടുപോകരുത്. 30 കിലോമീറ്ററിലധികം യാത്ര പ്രത്യേകമായ വാഹനത്തിലായിരിക്കണം.
ഒരുദിവസം ആനകളെ വാഹനത്തിൽ കൊണ്ടുപോകാവുന്ന പരമാവധി ദൂരം 125 കിലോമീറ്ററാണ്. യാത്രയുടെ പരമാവധി സമയം ആറുമണിക്കൂർ. പ്രസ്തുത വാഹനം മണിക്കൂറിൽ 25 കിലോമീറ്റർ എന്ന നിലയ്ക്ക് മാത്രമേ സഞ്ചരിക്കാവൂ. ഇക്കാര്യം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.