എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പ്രബുദ്ധ കേരളം മീഡിയവണിനോടൊപ്പം
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍
മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്മാരും. മീഡിയവണിന് വ്യാപക പിന്തുണയാണ് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്: മുഖ്യമന്ത്രി
മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്. മീഡിയവണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നൽകുന്ന...
Posted by Pinarayi Vijayan on Monday, January 31, 2022
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം: എംബി രാജേഷ്
മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ്. മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതുകൊണ്ടുതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്. മാധ്യമങ്ങളെ പ്രലോഭനവും സമ്മർദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
സംപ്രേഷണ വിലക്ക് അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് സി.പി.എം
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മീഡിയവണിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല: വി ശിവന്‍കുട്ടി
മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്രനീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്. ആശയപരമായ സംവാദങ്ങളെ നേരിടാൻ ആകാതെ വരുമ്പോഴാണ് നിരോധനം പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഈ നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ജനാധിപത്യവാദിയും മുന്നിലുണ്ടാണം. നിരോധനം പോലുള്ള ആശയങ്ങളെ മുളയിലേ നുള്ളുവാൻ ശക്തമായ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. ജനാധിപത്യത്തിന് നാമെല്ലാവരും കാവലാളാവണമെന്നും ശിവന്‍കുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.
മീഡിയ വൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തിന്റെ നാലാം...
Posted by V Sivankutty on Monday, January 31, 2022
മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം: പ്രതിപക്ഷ നേതാവ്
മീഡിയവൺ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്‍റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
ഫാഷിസ്റ്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ്
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാഷിസ്റ്റ് നടപടിയാണ് മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. രാജ്യത്തിന്‍റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന ഒരു നടപടിയും മീഡിയവണ്‍ ചാനലിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വിമര്‍ശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എം എം ഹസന്‍ പറഞ്ഞു.
ജനാധിപത്യത്തിന് അപമാനം: രമേശ് ചെന്നിത്തല
മലയാളത്തിലെ പ്രമുഖ വാർത്താചാനലിലൊന്നായ മീഡിയാവണിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയിൽ മാധ്യമങ്ങൾക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട്. രണ്ടാം തവണയാണു മീഡിയവണ്ണിനെതിരെ നടപടി എടുക്കുന്നത്. ആർ.എസ്എ.സിന്റെയും ബിജെപിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിൻവലിക്കണമെന്നും സ്വതന്ത്രമായി വാർത്തകൾ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മീഡിയവണിനെതിരെ മാത്രമുള്ള നടപടി അല്ല ഇത്: എം എ ബേബി
മീഡിയവൺ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തി വെപ്പിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കയ്യേറ്റമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മീഡിയവണിനെതിരെ മാത്രമുള്ള നടപടി അല്ല ഇത്. എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാം എന്ന് എല്ലാ മാധ്യമങ്ങൾക്കുമായി നല്‍കുന്ന സന്ദേശം ആണിത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാർ നടത്തുന്ന പുതിയ ഒരു ശ്രമം. മാധ്യമങ്ങളെ നിയന്ത്രിച്ചു നിര്‍ത്തി നടപ്പാക്കുന്ന സംവിധാനത്തെ ജനാധിപത്യം എന്ന് പറയാനാവില്ല. അടിയന്തരാവസ്ഥയുടെ പ്രേതം ആർഎസ്എസുകാരെ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി അമിതാധികാര വാഴ്ചക്കാരായ ആർഎസ്എസുകാരെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് ഇറക്കി വിടാതെ ഇവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് ആഗ്രഹിക്കാനാവില്ല.
മീഡിയ വൺ ചാനൽ പ്രക്ഷേപണം നിറുത്തി വയ്പിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കയ്യേറ്റമാണ്. മീഡിയ...
Posted by M A Baby on Monday, January 31, 2022
മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമുയരണമെന്ന് സി.പി.ഐ
മീഡിയവണ്‍ വാർത്താചാനലിന്റെ പ്രക്ഷേപണം നിർത്തിവെയ്പ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിത്. കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവിൽ ഒരു ചാനലിന്റെ പ്രക്ഷേപണം നിർത്തിവെയ്പ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കാനം രാജേന്ദ്രൻ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.
എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമെന്ന് ഇ.ടി
മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ ചെയ്യുന്നത്. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് , ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ...
Posted by E.T Muhammed Basheer on Monday, January 31, 2022
എല്ലാ മാധ്യമങ്ങളും ഭീഷണിയുടെ നിഴലിലാകും: കുഞ്ഞാലിക്കുട്ടി
വിലക്ക് എന്തിനെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി മീഡിയവൺ വിലക്ക് എന്തിനെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാ മാധ്യമങ്ങളും ഭീഷണിയുടെ നിഴലിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധമെന്ന് യുവജന സംഘടനകള്‍
മീഡിയവണ്‍ സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും. മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ചെറുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്‍റെ നടപടി അടിയന്തരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു പറഞ്ഞു. സുരക്ഷാകാരണങ്ങൾ പറഞ്ഞാണ് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ സംപ്രേഷണാവകാശം ഏകപക്ഷീയമായി തടയുന്നത്. ഇന്ന് മീഡിയവൺ ആണെങ്കിൽ നാളെ ആരുമാകാം. ജനാധിപത്യത്തിന്‍റെ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. അതിന് തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണ്. കളളങ്ങളും വർഗീയ അജണ്ടകളുമായി ഗോദി മീഡിയകളം നിറയുന്ന കാലത്ത് മീഡിയവൺ പോലൊരു മാധ്യമ സ്ഥാപനത്തെ വേട്ടയാടുന്നത് വിരോധാഭാസമാണ്. ഈ ജനാധിപത്യ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. മീഡിയവണിനോട് ഐക്യദാർഢ്യപ്പെടുന്നു.
ജനാധിപത്യ വിരുദ്ധം.
പ്രതിഷേധാർഹം
Posted by A A Rahim on Monday, January 31, 2022
വായമൂടിക്കെട്ടി എസ്.ഡി.പി.ഐയുടെ പ്രതിഷേധം
മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. വായ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു.
എതിർ ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കാനുളള നീക്കം ആപത്കരം: മുനവ്വറലി ശിഹാബ് തങ്ങള്‍
മീഡിയവണിന് നേരെയുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ ധ്വംസനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജനാധിപത്യത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നീക്കങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള വാതിലുകൾ കൊട്ടിയടക്കുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ജനാധിപത്യത്തിന്റെ കാര്യക്ഷമവും ശരിയായ പ്രവർത്തനങ്ങൾക്കും മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ...
Posted by Sayyid Munavvar Ali Shihab Thangal on Monday, January 31, 2022
പാർവതി, റിമ, ആഷിഖ് അബു, വിനായകന്‍ മുഹ്‌സിൻ പരാരി, സക്കരിയ...
മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ സിനിമാലോകത്തും പ്രതിഷേധം. ചാനലിന് ഐക്യദാർഢ്യവുമായി സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തി. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായകരായ ആഷിഖ് അബു, മുഹ്‌സിൻ പരാരി, സക്കരിയ തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യമറിയിച്ചു. ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി വിവരം അറിയിച്ചുകൊണ്ടുള്ള എഡിറ്റർ പ്രമോദ് രാമന്റെ കുറിപ്പും വാർത്തയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടായിരുന്നു പ്രമുഖർ പിന്തുണ അറിയിച്ചത്. ഇത് ഭ്രാന്തമായ നടപടിയാണെന്നാണ് പാർവതി പ്രതികരിച്ചത്.
ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനം: വി ശിവദാസന്‍ എംപി
ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് മീഡിയവൺ ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണിത്. വ്യാജ വാർത്തകളെ നിയമപരമായി നേരിടാൻ സൗകര്യം ഒരുക്കേണ്ടുന്നതിനു പകരം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള അക്രമമാണ്. ഇതോരുതരത്തിലും ജനാധിപത്യത്തിൽ ഗുണം ചെയ്യില്ലെന്ന് ഡോ.വി.ശിവദാസന്‍ എം പി പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: എ എം ആരിഫ് എംപി
മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ അനുമതി വ്യക്തമായ കാരണങ്ങളില്ലാതെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണെന്നും എ എം ആരിഫ് എംപി പറഞ്ഞു.
മീഡിയവണ്‍ സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത്? ജോണ്‍ ബ്രിട്ടാസ്
മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ഇത് ലംഘിക്കുന്നത്. സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കാരണമായി പറയുന്നത്. ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടപടി എടുക്കുമ്പോൾ അത് സുതാര്യവും നടപടിക്രമത്തിന്റെ പിന്‍ബലത്തിലുമായിരിക്കണമെന്ന് ഐ.ടി -ഇൻഫോർമേഷൻ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഒന്നും വെളിപ്പെടുത്താതെ "സുരക്ഷ" എന്ന് പറഞ്ഞു കൊണ്ട് നടപടി സ്വീകരിക്കുന്നതിനെ സുപ്രീം കോടതിയും തള്ളിപ്പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണ്....
Posted by John Brittas on Monday, January 31, 2022
വിമർശനങ്ങളെ ഭയക്കുന്നത് ഭീരുക്കൾ: പി.എം.എ സലാം
വിമർശനങ്ങളും ചോദ്യങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അത് ഭയക്കുന്നവർ ഭീരുക്കളാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം. മീഡിയവണിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എതിർശബ്ദങ്ങളെ മുഴുവൻ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഈ കെട്ടകാലത്ത് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ പോലും വെറുതെ വിടുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മീഡിയവൺ ചാനലിനുളള പുതിയ വിലക്കെന്ന് പി.എം.എ സലാം പറഞ്ഞു.
അധികാരത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. ഭരണകൂടത്തിന്റെ കാട്ടുനീതിയോട് സന്ധിയാവാൻ കഴിയില്ല. അവകാശങ്ങളോരോന്നും ഒന്നിച്ച് നിന്ന് തിരിച്ചു പിടിക്കാൻ മതേതര പക്ഷം ഉണർന്ന് പ്രവർത്തിക്കണം. ഇന്ന് മീഡിയവണിനെതിരാണെങ്കിൽ നാളെ ആർക്കെതിരെയും എന്തും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണമാണ്. സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദം ഉയരണം. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിക്കണം. ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും പി.എം.എ സലാം പറഞ്ഞു.
മാധ്യമങ്ങളുടെ നാവരിയുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു- "മാധ്യമങ്ങളുടെ നാവരിയുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിലനില്‍ക്കുന്നില്ലെങ്കില്‍ ഭരണഘടനാ മൂല്യങ്ങളാണ് തകരുന്നത്"- വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുക
#supportmediaone #MediaOne #ban #welfareparty #WelfarePartyKerala
Posted by Welfare Party Kerala on Monday, January 31, 2022
നിശബ്ദരാക്കി കീഴ്‌പ്പെടുത്താനാവില്ല: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്
വിയോജിച്ചും വിസമ്മതിച്ചും ഇനിയും മുന്നോട്ട്.
നിശബ്ദരാക്കി കീഴ്‌പ്പെടുത്താനാവില്ല.
#In_solidarity_with_mediaone
Posted by Solidarity Youth Movement Kerala on Monday, January 31, 2022
വായടപ്പിക്കാനാവില്ലെന്ന് എസ്.ഐ.ഒ
'വായടപ്പിക്കാനാവില്ല'
മീഡിയാവണ്ണിനൊപ്പം
#standwithMediaOneTV
#BeWithMediaOne
#BringbackMediaOneTV
Posted by SIO Malappuram on Monday, January 31, 2022
മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായടപ്പിക്കാൻ നീക്കം: മന്ത്രി ആന്റണി രാജു
മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായയടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഹത്തായ ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടിയാണ് മീഡിയവൺ ചാനലിന്റെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ''അപ്രിയസത്യങ്ങളോട് അസഹിഷ്ണുത കാട്ടാതെ തെറ്റുകൾ തിരുത്താനുള്ള ആർജ്ജവമാണ് അധികാരികൾ കാട്ടേണ്ടത്. ജനങ്ങളുടെ നാവായ മാധ്യമങ്ങളെ നിരോധിച്ച് ജനങ്ങളുടെ വായ അടപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമാണ്.''
മാധ്യമങ്ങളുടെ നാവരിയുന്ന നടപടികൾ പിൻവലിക്കണം: മന്ത്രി പി പ്രസാദ്
അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മീഡിയവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര ഗവൺമെന്റ് നടപടി പ്രതിഷേധാർഹമാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉൾപ്പെടെ മാധ്യമപ്രവർത്തകരെ നാടുകടത്തിയിട്ടും നിരവധി മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടും മാധ്യമ പ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് മറന്നു പോകരുതെന്ന് കൃഷി മന്ത്രി ഓർമിപ്പിച്ചു.
മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വിഷയം കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ഉന്നയിക്കുമെന്ന് ഉണ്ണിത്താൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. മീഡിയവൺ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണ്. സുരക്ഷാ കാരണങ്ങളുടെ പേരിൽ നടപടിയെടുക്കുന്നു എന്നുമാത്രം പറഞ്ഞ് ചാനൽ ആവശ്യപ്പെട്ട വിശദീകരണങ്ങൾ ഒന്നും ലഭ്യമാക്കാതെ ഏകപക്ഷീയമായ നടപടിയെടുക്കാൻ ഇന്ത്യ ഏകാധിപത്യ രാജ്യമല്ലെന്ന് ഭരണകൂടം മനസിലാക്കണം. മുൻപും നേരുപറഞ്ഞതിന്റെ പേരിൽ ചാനൽ നിരോധിക്കപ്പെട്ടതും പിന്നീട് വീഴ്ച പറ്റിയതാണെന്ന് മന്ത്രി ക്ഷമാപണം നടത്തേണ്ടതായും വന്നതാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നുവെന്ന വസ്തുതകൾ നാം കാണാതെ പോകരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മീഡിയവൺ സംപ്രേഷണ വിലക്ക് ജനാധിപത്യ വിരുദ്ധം: ഐ.എസ്.എം
മീഡിയ വൺ സംപ്രേഷണ വിലക്ക് ജനാധിപത്യ വിരുദ്ധം
Posted by ISM Kerala on Monday, January 31, 2022
താഴു വീഴുന്നത് മൗലികാവകാശങ്ങൾക്ക്: കെ കെ രമ
എന്താണ് കാരണം എന്നു പോലും വ്യക്തമാക്കാതെ മീഡിയവൺ ചാനലിന്റെ പ്രക്ഷേപണം നിർത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാധ്യമങ്ങളെ നിശ്ശബ്ദമാക്കി ജനാധിപത്യവും പൗര സമൂഹത്തിന്റെ അറിയാനുള്ള അവകാശവും റദ്ദ് ചെയ്തു കളയാം എന്നാണ് മോദി സർക്കാർ കരുതുന്നത്. ഇത് ഈ രാജ്യത്ത് അനുവദിച്ചു കൂടാ. താഴു വീഴുന്നത് ഒരു ചാനൽ സംപ്രേഷണത്തിനല്ല, ജനാധിപത്യപരമായ മൗലികാവകാശങ്ങൾക്കാണെന്ന് നാം തിരിച്ചറിയണം. ഈ രാജ്യം ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ക്രമത്തിലേക്ക് ചുവടുകൾ വയ്ക്കുന്നതിന്റെ പല ഘട്ടങ്ങളിലൊന്നാണിത്. രാഷ്ട്രീയ നേതൃത്വങ്ങൾ, പാർലമെന്റംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ, സംസ്ഥാന ഭരണകൂടം, സഹോദര മാദ്ധ്യമ സ്ഥാപനങ്ങൾ, കേരള പൊതു സമൂഹം എന്നിങ്ങനെ സർവ്വരും ഒറ്റക്കെട്ടായ് ചെറുത്തു തോല്പിക്കണം ഈ ജനാധിപത്യ വിരുദ്ധതയെന്ന് കെ കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.
അത് ഫാഷിസം തന്നെയാണ്: ഷാഫി പറമ്പില്‍
ഒരു മാധ്യമ സ്ഥാപനത്തിന്‍റെയും എല്ലാ വാർത്തകളോടും യോജിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. യോജിപ്പിനും വിയോജിപ്പിനും ഇടയിൽ നില നിൽക്കുവാനുള്ള അവകാശം ജനാധിപത്യത്തിൽ ഒരു മാധ്യമത്തിനുണ്ട്. ഭരണഘടന അതനുവദിക്കുന്നുമുണ്ട്. സംഘപരിവാറിന്റെ വിഭാഗീയ അജണ്ടകൾക്ക് കുടപിടിക്കുന്ന അർണാബ്മാർ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ ആകുമ്പോൾ,അതിന് തയ്യാറാവാത്തതിന്റെ പേരിൽ നീതിയുക്തമായ ഒരു കാരണം പോലും ബോധ്യപ്പെടുത്താതെ ഏകപക്ഷീയമായി മീഡിയവണിന്‍റെ സംപ്രേഷണാവകാശം റദ്ദ് ചെയ്യുന്നത് മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള അതിക്രമമാണ്. അത് ഫാഷിസം തന്നെയാണ്. അതിന്റെ പേരിൽ നിലച്ച് പോകുന്ന നിമിഷങ്ങൾ ഒരു പോരാട്ടവുമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ കുറിച്ചു.
പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ട സാഹചര്യം: ടി സിദ്ദിഖ്
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം മീഡിയവൺ ചാനലിന്റെ സംപ്രേഷണം യാതൊരു കാരണവും ബോധിപ്പിക്കാതെ തടഞ്ഞിരിക്കുന്നു. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ട സാഹചര്യത്തിൽ മാറിനിൽക്കാൻ കഴിയില്ല. പ്രതികരിക്കുക... പ്രതിഷേധിക്കുക എന്നാണ് ടി സിദ്ദിഖ് ഫേസ് ബുക്കില്‍ കുറിച്ചത്.
രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം..!! കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം മീഡിയവൺ ചാനലിന്റെ...
Posted by T Siddique on Monday, January 31, 2022
അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം: വി ടി ബല്‍റാം
മീഡിയവൺ ചാനൽ രാജ്യസുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക് ബോധ്യമാവുകയും വേണം.
മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ലെന്ന് വി ടി ബല്‍റാം പ്രതികരിച്ചു.
മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം അപഹാസ്യം: കെ.എന്‍.എം
നിയമപരമായി മുന്നോട്ട് പോകാനുള്ള മീഡിയവണിന്റെ തീരുമാനത്തെ പിന്തുണക്കുന്നു: നജീബ് കാന്തപുരം
പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടിയാൽ സത്യങ്ങൾ ഇല്ലാതാകുമെന്ന് ഫാഷിസ്റ്റുകളോടാരാണ് പറഞ്ഞത്? മീഡിയവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രക്ഷേപണാനുമതി സുരക്ഷാ കാരണങ്ങൾ പറഞ്ഞു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞിരിക്കുകയാണ്. വ്യക്തമായ കാരണം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന കാര്യത്തിൽ നിന്ന് മനസ്സിലാവുന്നത് ഇതൊരു പ്രതികാര നടപടി ആണെന്നാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, അതും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, നിസ്സംശയം എതിർക്കേണ്ട കാര്യമാണ്. നിയമപരമായി മുന്നോട്ട് പോകാനുള്ള മീഡിയവണിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന് നജീബ് കാന്തപുരം എം.എല്‍.എ
മാധ്യമങ്ങളുടെ പ്രവർത്തനം ഭരണകൂടം നിരോധിക്കുന്നത് ഫാഷിസ്റ്റ് പ്രവണത: മുഹമ്മദ് മുഹ്സിന്‍
മീഡിയവണ്‍ വാർത്താചാനലിന്റെ പ്രക്ഷേപണം നിർത്തിവയ്പ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയും കടന്നു കയറ്റവുമാണ്. മാധ്യമങ്ങൾ എഡിറ്റു ചെയ്യുന്ന വാർത്തകളിലെ അജണ്ടകൾ വിമർശിക്കപ്പെടാനും നൽകുന്ന വാർത്തകളുടെ വസ്തുതകൾ ചർച്ച ചെയ്യപ്പെടേണ്ടതുമെല്ലാം ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. എന്നാൽ മാധ്യമങ്ങളുടെ പ്രവർത്തനം ഭരണകൂടം നിരോധിക്കുന്നത് ഫാഷിസ്റ്റ് പ്രവണതയാണ്. പ്രതിഷേധിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്‍റെ ഉത്തരവാദിത്വവുമാണ്. പ്രതിഷേധിക്കുന്നുവെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ.
കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് എസ്.കെ.എസ്.എസ്.എഫ്
മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം
Posted by Sathar panthaloor on Monday, January 31, 2022
കേന്ദ്ര നടപടി അങ്ങേയറ്റം അപലപനീയം: രമ്യ ഹരിദാസ്
ജനാധിപത്യത്തിലെ ഫോർത്ത് എസ്റ്റേറ്റാണ് മാധ്യമങ്ങൾ. ഭരണകർത്താക്കൾ കർത്തവ്യം നിർവഹിക്കാതിരിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനും സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ ഒരുഭാഗത്ത് നീക്കം നടത്തുമ്പോൾ മുന്നറിയിപ്പ് പോലും നൽകാതെ, കാരണങ്ങൾ ബോധിപ്പിക്കാതെ ലക്ഷക്കണക്കിനാളുകൾ വീക്ഷിക്കുന്ന മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെടുത്തി ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് രമ്യ ഹരിദാസ് എംപി.
നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഫാഷിസ്റ്റ് കടന്നുകയറ്റം: പോപുലര്‍ ഫ്രണ്ട്
സംഘപരിവാരത്തിന്‍റെ സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം തുടര്‍ന്നുവരുന്ന ജനാധിപത്യവിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് മീഡിയവണ്‍ ചാനലിനെതിരായ നീക്കം. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ പോലും നിഷേധിക്കുന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രഭരണകൂടത്തിന്റെ സമീപനം ആശ്വാസകരമല്ല. രാജ്യത്ത് നടക്കാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണിത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമാണിത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞിരിക്കുന്നത്. എന്ത് സുരക്ഷാ ഭീഷണിയാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും കെട്ടുറപ്പിനും ഇന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ആര്‍എസ്എസില്‍ നിന്നാണ്. അത്തരം ദേശവിരുദ്ധ ശക്തികൾ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നില്‍ വ്യക്തമായ പദ്ധതികളുണ്ട്.
നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഫാഷിസ്റ്റ് കടന്നുകയറ്റമാണിത്. ഇത് അനുവദിക്കാനാവില്ല. രാജ്യത്തെ നശിപ്പിക്കാൻ ഹിന്ദുത്വ ഭരണകൂടവും ആർഎസ്എസും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് റാൻ മൂളികളെയാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. അതിന് എതിര് നിൽക്കുകയും രാജ്യ താത്പര്യങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നതിനെ അധികാരം ഉപയോഗിച്ച് നിശ്ശബ്ദമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം രൂപപ്പെടണം. ഭീഷണികള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനവുമായി മീഡിയവണ്‍ മുന്നോട്ടുപോവണം. അതിനുള്ള എല്ലാവിധ പിന്തുണയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധ നടപടി പിൻവലിക്കണം: കെ.എൻ.എം മർകസുദ്ദഅ്‌വ
വാഴ്ത്തുന്നവരെ മാത്രമേ വാ തുറക്കാൻ അനുവദിക്കൂ എന്നത് ഫാഷിസമാണ്. മീഡിയവൺ സംപ്രേഷണം തടഞ്ഞ ജനാധിപത്യ വിരുദ്ധ നടപടി പിൻവലിക്കണം- സി.പി ഉമർ സുല്ലമി, കെ.എൻ.എം മർകസുദ്ദഅ്‌വ ജനറൽ സെക്രട്ടറി
#MediaOne
Posted by KNM Markazudawa on Monday, January 31, 2022
മാധ്യമങ്ങളെ അകാരണമായി വിലക്കുന്നത് അംഗീകരിക്കാനാവില്ല: ടി.കെ അഷ്‌റഫ്
മീഡിയവണിന്‍റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്ന് മൊത്തത്തിൽ പറഞ്ഞതല്ലാതെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടുന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ അകാരണമായി വിലക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യസുരക്ഷക്ക് പോലും പോറലേൽപ്പിക്കും വിധം പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന വ്യക്തികളുടെയും രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം കൊണ്ട് പാർലമെന്റ് പ്രക്ഷുബ്ധമാകുമ്പോൾ ഇത്തരം അനീതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളെ സുരക്ഷാകാരണങ്ങളുടെ പേരിൽ ഇല്ലാതാക്കാനുള്ള ശ്രമം അത്യന്തം അപഹാസ്യവും അപലപനീയമാണ്. മുഖം വികൃതമാകുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് ആർക്കായാലും ഗുണം ചെയ്യില്ല. നീതി പുലരട്ടെയെന്ന് പ്രത്യാശിക്കുന്നു- ടി.കെ അഷ്‌റഫ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി)
മീഡിയ വണിൻ്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്ന്...
Posted by TK Ashraf on Monday, January 31, 2022
പാർശ്വവത്കരിക്കപ്പെട്ടവരുടെ വാർത്തകൾ സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന മാധ്യമത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: മഅ്ദനി
മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് അബ്ദുന്നാസർ മഅ്ദനി. ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം കൈ വരിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരുടെ വാർത്തകൾ പ്രാധാന്യപൂർവം സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്യുന്ന ഒരു മാധ്യമത്തെ ഫാഷിസത്തിന്റെ കുഴലൂത്തുകാരിൽ പെട്ടില്ല എന്ന കാരണം കൊണ്ട് മാത്രം തകർക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും ഇതിനെ മുഴുവൻ ജനാധിപത്യ ശക്തികളും കൂട്ടായി ചെറുത്തു തോല്പിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വ്യക്തമായ കാരണം പറയാതെ ഒരു മാധ്യമ സംവിധാനത്തിന്‍റെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് പ്രതിഷേധാര്‍ഹം, അംഗീകരിക്കാൻ കഴിയില്ല: മുല്ലക്കര രത്നാകരന്‍
മീഡിയാവൺ ചാനലിന്‍റെ ലൈസൻസ് പുതുക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചാനലിന്‍റെ പ്രവർത്തനം നിർത്തിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരന്‍. സുരക്ഷാകാരണങ്ങൾ എന്ന വ്യക്തതയില്ലാത്ത ആരോപണമുന്നയിച്ചാണ് നിരോധനമെന്നാണ് വാർത്ത. വ്യക്തമായ കാരണം പറയാതെ ഒരു മാധ്യമ സംവിധാനത്തിന്‍റെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഈ തീരുമാനം തീർച്ചയായും വിദ്വേഷപൂർണ്ണമായ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗം കൂടിയാണെന്ന് രാജ്യം സംശയിക്കുന്നു. ഒരു ന്യൂനപക്ഷ മാനേജ്മെന്‍റിന്‍റെ മാധ്യമസ്ഥാപനത്തെ ഇത്തരത്തിൽ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും അവരെ നയിക്കുന്ന സംഘപരിവാറിന്‍റെയും സ്ഥാപിത താൽപ്പര്യപ്രകാരമായിരിക്കണമെന്നും മുല്ലക്കര രത്നാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.