പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്; നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ചമയ പ്രദർശനവും ഇന്ന് ആരംഭിക്കും
തൃശ്ശൂർ: പൂര പ്രേമികളുടെ രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വരാനിരിക്കുന്ന ആകാശ വിസ്മയത്തിന്റെ സാമ്പിൾ ഇന്ന് നടക്കും. രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ വേഷ ഭൂഷാദികളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ പ്രദർശനം കാണാൻ എത്തും.