പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; ചങ്ങനാശേരിയിൽ സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു
ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഘർഷമുണ്ടായത്
ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ലെന്നാരോപിച്ച് ചങ്ങനാശേരിയിൽ ഹോട്ടലിലെ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഘർഷമുണ്ടായത്. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയാണ് സാമൂഹിക വിരുദ്ധ അക്രമി സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് അക്രമ സംഭവം ഉണ്ടായത്.
ഇവിടെ ഭക്ഷണം കഴിക്കുന്നതിനായാണ് മൂന്നംഗ സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, ഇവർ പൊറോട്ട ഓർഡർ ചെയ്തതായി ഹോട്ടൽ ഉടമ പറയുന്നു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ എത്തിയവർ പൊറോട്ടയ്‌ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ അക്രമി സംഘം ഇതര സംസ്ഥാന തൊഴിലാളിയായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളിയെ പൊലീസുകാർ എത്തിയാണ് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും അക്രമം നടത്തുന്ന അക്രമികളെ അമർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നു ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് എൻ പ്രതീഷ് ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി യൂണിറ്റ് പ്രസിഡണ്ട് പി എസ് ശശിധരൻ യൂണിറ്റ് സെക്രട്ടറി ബഷീർ ഗോൾഡൻ സ്പൂൺ തുടങ്ങിയവർ അറിയിച്ചു.