പിരിച്ചുവിടൽ സാധ്യത; ബലാത്സംഗക്കേസ് പ്രതി സി.ഐ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡി.ജി.പി
നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിൽ സജീവമായിരുന്നു
തിരുവനന്തപുരം: തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനോട് നാളെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.ജി.പി അനിൽ കാന്ത്. 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.
നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിൽ സജീവമായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. പിന്നീട് സി.ഐ സുനു അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന്റെ സമീപിക്കുകയാണുണ്ടായത്. ട്രിബ്യൂണൽ ഈ കേസ് പരിഗണിക്കുകയും സുനുവിനോട് വിശദീകരണം തേടുകയും 31ാം തിയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി.ജി.പി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. സുനുവിനെ സർവീസിൽ നിന്നും ഉടൻ പിരിച്ചുവിട്ടേക്കുമെന്ന സൂചനയാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്