പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടന്‍; ഫാത്തിമ നിദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാര്‍
ഫാത്തിമ നിദയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനും തീരുമാനിച്ചിട്ടുണ്ട്
ആലപ്പുഴ: സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് സംസ്ഥാന സർക്കാർ. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാൻ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് എച്ച് സലാം എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 22നാണ് ഫാത്തിമ നിദ നാഗ്പൂരിലെ കൃഷ്ണ ആശുപത്രിയിൽ മരിച്ചത്. ചികിത്സാപ്പിഴവെന്ന പരാതിക്ക് പിന്നാലെ നാഗ്പൂർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കൃത്യമായി നടന്നില്ല. മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല. ഇത് വാർത്തയായതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ.
കുടുംബത്തിന് പൂർണ പിന്തുണയുണ്ടെന്ന് എച്ച് സലാം എം.എൽ.എ അറിയിച്ചു. വാടക വീട്ടിലാണ് ഫാത്തിമ നിദയുടെ കുടുംബത്തിന്‍റെ താമസം. വീട് നിർമിച്ച് നൽകാനുള്ള ആലോചനയിലാണെന്നും എച്ച് സലാം എം.എൽ.എ പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ജില്ലാ കലക്ടറുടെ റിപ്പോർട്ട് റവന്യൂ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇത് വേഗത്തിൽ ലഭ്യമാക്കാനാണ് തീരുമാനം.