വൈറ്റിലയിലെ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം: കലക്ടർ വിളിച്ച അടിയന്തര യോഗം ഇന്ന്
യോഗം താമസക്കാർ ഉടൻ ഒഴിയണമെന്ന പൊതുമരാമത്ത് വകുപ്പ് നിർദേശത്തിന് പിന്നാലെ
കൊച്ചി: വൈറ്റിലയിലെ എ.ഡബ്ലു.എച്ച്.ഒ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് എറണാകുളം ജില്ലാ കലക്ടർ വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12.30ക്ക് കലക്ടറുടെ ചേംബറിലാണ് യോഗം. ഫ്ളാറ്റിലെ താമസക്കാരും എ.ഡബ്ലു.എച്ച്.ഒ അധികൃതരും നഗരസഭ, പി.ഡബ്ല്യു.ഡി, ജി.സി.ഡി.എ എൻജീനിയർമാരും യോഗത്തിൽ പങ്കെടുക്കും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ നടത്തിയ പഠന റിപ്പോർട്ടിൽ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നാണ് നിർദേശം.താമസക്കാരുടെ പരാതിയെ തുടർന്ന് രണ്ട് മാസം മുൻപ് തൃപ്പൂണിത്തുറ നഗരസഭയും, ജിസിഡിഎയും ഫ്ളാറ്റിൽ പരിശോധന നടത്തിയിരുന്നു. എ.ഡബ്ലു.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുൻപാണ് 28 നിലകളിലായി 208 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്.രണ്ട് വർഷം മുൻപ്പാണ് ഫ്ലാറ്റിന്റെ ബലക്ഷയം പ്രകടമായത്.