'വീട് ജപ്തി ഭീഷണിയിലാണ്, ഒരു മാഫിയയുമായും ബന്ധമില്ല'; പി.എസ്.സി കോഴ ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി
വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്ത ബന്ധങ്ങളാണ് ഉള്ളതെന്നും പ്രമോദ്
കോഴിക്കോട്: പി.എസ്.സി കോഴ ആരോപണം നിഷേധിച്ച് കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. ആരിൽ നിന്നും പണം വാങ്ങിയില്ല . വീട് ജപ്തി ഭീഷണി നേരിടുകയാണ്. ഒരു മാഫിയയുമായും ബന്ധമില്ല. വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്ത ബന്ധങ്ങളാണ് ഉള്ളതെന്നും പ്രമോദ് മീഡിയവണിനോട് പറഞ്ഞു. പ്രമോദ് കോഴ വാങ്ങിയിട്ടില്ലെന്ന വിശദീകരണത്തിലൂന്നി നിലപാട് മയപ്പെടുത്താനാണ് സി.പി.എം ജില്ലാ കമ്മറ്റിയുടെ നീക്കം. ആരോപണം വാര്‍ത്തയായതടക്കം പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണെന്നുമാണ് വിലയിരുത്തല്‍.
പിഎസ്‌സി വഴി ഹോമിയോ ഡോക്ടര്‍ നിയമനത്തിന് 22 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണത്തിൽ ചൊവ്വാഴ്ചയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയെങ്കിലും നോട്ടീസിൽ പരാമർശിക്കുന്നത് പ്രമോദ് കോട്ടൂളിയുടെ റിയൽ എസ്റ്റേറ്റ് ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തി പ്രമോദ് മറുപടി നൽകി. ആരോപണങ്ങൾ തള്ളിയ പ്രമോദ് വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. വീട് ജപ്തി ഭീഷണിയിൽ ആണെന്നും പ്രമോദിന്‍റെ വിശദീകരണം.
ആരോപണം മാധ്യമസൃഷ്ടി മാത്രം എന്നായിരുന്നു .സിപി.എം നേതാക്കളുടെ പ്രതികരണം. എന്നാൽ മേഖലാ റിപ്പോർട്ടിങ്ങിനിടെ പ്രമോദിനെതിരെ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചത്. പാര്‍ട്ടിക്ക് വ്യക്തത വരാനുണ്ടെന്നായിരുന്നു യോഗത്തില്‍ ജില്ലാ സെക്രട്ടറി നിലപാട് എടുത്തത്.പ്രമോദിനെതിരായ പരാതി പുറത്തെത്തിച്ചത് പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നുമാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. എന്നാല്‍ വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. വിശദീകരണക്കുറിപ്പ് പരി ശോധിച്ച ശേഷം ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രമോദിനെതിരായ നടപടിയില്‍ തീരുമാനമുണ്ടാകും.