മുതലപ്പൊഴി അപകടം; നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച്
പ്രതീകാത്മക ശവമഞ്ചവുമായാണ് പ്രതിഷേധം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടരെ ഉണ്ടാവുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ നിയമസഭ മാർച്ച് നടത്തുന്നു. പ്രതീകാത്മക ശവമഞ്ചവുമായാണ് സമരം.
അപകടമരണത്തിന് കാരണം സർക്കാർ അനാസ്ഥയെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. അടിയന്തരമായി നിയമസഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നാണ് ആവശ്യം. 2006ലാണ് മുതലപ്പൊഴിയിൽ പുലിമുട്ട് സ്ഥാപിക്കുന്നത്. ഇതിന് ശേഷം 76 ആളുകളാണ് ഇവിടെ മരണപ്പെട്ടത്. ഈ മരണങ്ങൾക്കെല്ലാം കാരണം അശാസ്ത്രീയമായി നിർമിച്ച പുലിമുട്ടാണെന്നാണ് ആരോപണം.
കഴിഞ്ഞ വർഷം നാല് മരണങ്ങൾ മുതലപ്പൊഴിയിൽ സംഭവിച്ചിരുന്നു. തുടർന്ന് സർക്കാർ ഏഴ് വാഗ്ദാനങ്ങൾ നൽകി. പുലിമുട്ടിലെ കല്ലും മണ്ണും മാറ്റും, 22 പേരെ ലൈഫ് ഗാർഡുകളായി നിയമിക്കും തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. എന്നാൽ ഈ ഉറപ്പുകൾക്കൊന്നും യാതൊരു തരത്തിലുള്ള നടപടിയം ഇതുവരെ ഉണ്ടായില്ല.
മുതലപ്പൊഴിയിൽ ഇന്ന് വീണ്ടും അപകടമുണ്ടായിരുന്നു. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
രാവിലെ അഞ്ചരയോടെയും വള്ളം മറിഞ്ഞ് അപകടമുണ്ടായി. അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി സ്റ്റാലിൻ നീന്തി രക്ഷപ്പെട്ടു. അപകട ശേഷം മറൈൻ എൻഫോഴ്സ്മെന്റ് സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.