Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: 2026ൽ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് പി.വി അൻവർ എംഎൽഎ. എന്നെ മുന്നണിയിൽ എടുക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി ജനങ്ങളോടൊപ്പം മരിച്ചുനിൽക്കും. വന്യജീവി ആക്രമണത്തിനെതിരായ പോരാട്ടം കേരളത്തിൽനിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും പി.വി അൻവർ പറഞ്ഞു.
'യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എൽഡിഎഫിൽ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് വന്നത് ജനങ്ങൾക്കുവേണ്ടിയാണ്. ആർഎസ്എസുമായി ബന്ധപ്പെട്ട് ശക്തമായ അധികാരകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സിപിഎം ഇനി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് എൽപ്പിച്ചിരിക്കുന്നത്. എനിക്കുശേഷം പ്രളയം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത. അതാണ് പിണറായിയുടെയും സിപിഎമ്മിന്റെയും സമീപകാല നയങ്ങൾ വ്യക്തമാക്കുന്നത്. എന്നെ മുന്നണിയിൽ എടുക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി ജനങ്ങളോടൊപ്പം മരിച്ചുനിൽക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തത് ജനങ്ങൾക്ക് വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നിൽ ഞാനുണ്ടാകും'-പി.വി അൻവർ.
വന്യജീവി ആക്രമണം സാധാരണ സംഭവമായി മാറിയെന്നും പി.വി അൻവർ പറഞ്ഞു. പുതിയ നിയമ ഭേദഗതി കൊണ്ടുവന്ന് സർക്കാർ മനുഷ്യന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ക്രൈസ്ത സമൂഹത്തിൽ നിന്ന് ഒരു മന്ത്രി വന്നാൽ അതിൽ ഒപ്പിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വന്യജീവി ആക്രമണം സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നുണ്ടായിരുന്ന അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നല്‍കുന്ന നിയമവ്യവസ്ഥയാണ് വരാനിരിക്കുന്ന കേരളം കാത്തിരിക്കുന്നത്. നിയമം വന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. വനത്തിനുള്ളിൽ വലിയ തോതിൽ സാമൂഹ്യവിരുദ്ധർ വിഹരിക്കുന്നുണ്ട്. വലിയ ലോബികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഫോറസ്റ്റുകാർക്ക് കാട്ടിൽ പോകാൻ എന്തിനാണ് ആഡംബര വണ്ടികള്‍. ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് പലതും നടക്കുന്നത്. നിലമ്പൂരിലെ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചിട്ടും വനംവകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയിട്ടില്ല. ഇത്രയും കാലമായിട്ടും എ.കെ ശശീന്ദ്രൻ വനംവകുപ്പിൽ ഒന്നും ചെയ്യുന്നില്ല. ഒരു ഓഫീസിൻ്റെ ചില്ല് അടിച്ച് പൊട്ടിച്ചതാണ് വനം മന്ത്രിക്ക് പ്രശ്നം. മന്ത്രിയെ മാറ്റാത്തത് തോമസ് കെ തോമസ് ഈ നിയമത്തിൽ ഒപ്പിടില്ലെന്ന് അറിയുന്നതുകൊണ്ടാണ്'-പി.വി അൻവർ പറഞ്ഞു.