ക്ഷേത്ര പരിപാടിയിൽ CPM, DYFI പ്രചാരണ ഗാനങ്ങൾ പാടിയതിൽ പ്രതിഷേധം
പാർട്ടി ഗാനങ്ങൾക്കൊപ്പം സ്ക്രീനിൽ ഡിവൈഎഫ്ഐ പതാകകളും സിപിഎം ചിഹ്നവും പ്രദർശിപ്പിച്ചു


കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടത്തിയ സംഗീത പരിപാടിയിൽ സിപിഎം, ഡിവൈഎഫ്ഐ പ്രചരണ ഗാനങ്ങൾ പാടിയതിനെതിരെ പ്രതിഷേധം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ അലോഷിയുടെ ഗാനമേളയിൽ ആയിരുന്നു പാർട്ടി പാട്ടുകൾ ഉൾപെടുത്തിയത്.
മാർച്ച് 10ന് കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയാണ് വിവാദത്തിലായത്. പാർട്ടി ഗാനങ്ങൾക്കൊപ്പം സ്ക്രീനിൽ ഡിവൈഎഫ്ഐ പതാകകളും സിപിഎം ചിഹ്നവും പ്രദർശിപ്പിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലായിരുന്നു അലോഷി പാടുന്നു എന്ന പരിപാടി.
അതേസമയം, അമ്പലങ്ങളിൽ പോലും മുദ്രാവാക്യം വിളിക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. പരിപാടിയിൽ ഏതൊക്കെ പാടുകൾ പാടും എന്നത് ഉത്സവ കമ്മറ്റിയ്ക്ക് അറിയില്ലെന്നും, കാണികളുടെ ആവശ്യപ്രകാരമാണ് വിപ്ലവ ഗാനങ്ങൾ പാടിയതെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം.
രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദിയാക്കരുതെന്ന ഹൈക്കോടതി വിധിപ്രകാരം നവകേരള സദസ്സിന്റെ വേദി കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നിന്ന് മാറ്റേണ്ടി വന്നിരുന്നു. വിവാദങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിഷയം അന്വേഷിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പ്രതികരിച്ചു.