വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റുകൾ അഞ്ച് മാസത്തിനകം പൊളിക്കാനാകുമെന്ന് വിദഗ്ധസമിതി
ഇന്ന് ജില്ലാ കലക്ടര്‍ വിദഗ്ധസമിതിയുമായി യോഗം ചേരും


കൊച്ചി: ബലക്ഷയത്തെ തുടർന്ന് ഹൈക്കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റുകൾ അഞ്ച് മാസത്തിനകം പൊളിക്കാനാകുമെന്ന് വിദഗ്ധസമിതി. മരട് ഫ്ലാറ്റുകൾ പൊളിച്ച സംഘത്തോടൊപ്പമായിരുന്നു പരിശോധന. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വെല്ലുവിളികളില്ലെന്ന് ഫ്ലാറ്റ് പൊളിക്കാന്‍ കരാര്‍ നല്‍കിയ കമ്പനി അധികൃതകരും അറിയിച്ചു. ഇന്ന് ജില്ലാ കലക്ടര്‍ വിദഗ്ധസമിതിയുമായി യോഗം ചേരും.
സ്ഫോടനത്തിലൂടെ ചന്ദര്‍കുഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതില്‍ പ്രധാന വെല്ലുവിളി ഫ്ലാറ്റുകള്‍ക്ക് സമീപമുളള മറ്റൊരു ടവറും വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള മെട്രൊ റെയിലുമായിരുന്നു. എന്നാല്‍ ഇവയ്ക്ക് യാതൊരു തരത്തിലും കേടുപാടുകളുണ്ടാകില്ലെന്നാണ് മരടിലെ ഫ്ലാറ്റുകള്‍ വിജയകരമായി പൊളിച്ച് നീക്കിയ ജെറ്റ് ഡിമോളിഷൻ, എഡിഫൈസ്, വിജയ് സ്റ്റീൽസ് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കുന്നത്.
ഫ്ലാറ്റിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും വിദഗ്ധസംഘം പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഫ്ലാറ്റിന് ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജിയിലാണ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഒഴിപ്പിക്കുന്നവർക്ക് വാടകയിനത്തിൽ പ്രതിമാസം പണം നൽകണമെന്നും കോടതി അറിയിച്ചിരുന്നെങ്കിലും ഇതിൽ തീരുമാനം എങ്ങുമെത്തിയിട്ടില്ല.