സ്വപ്‌നസുരേഷിന്റെ ആരോപണം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ ഇടങ്ങളിൽ പ്രതിഷേധം, സംഘര്‍ഷം
സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വർണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടർന്നാണ് പ്രതിഷേധം നടക്കുന്നത്.
കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സമരക്കാർ പൊലീസിന് നേരെ ചീമുട്ടയെറിഞ്ഞു. ബാരിക്കേട് തകർത്ത് കലക്ടറേറ്റിനുള്ളിൽ കടന്നു. ഇതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ പൊലീസിന്റെ വാഹനം ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു.
തൊടുപുഴയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. സമരക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിരിയാണിച്ചെമ്പുമായി നടത്തിയ പ്രതിഷേധ മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ മഹിളാ മോർച്ചറോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. റോഡ് തടഞ്ഞുള്ള സമരത്തിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് കാസർകോട്, പത്തനംതിട്ട കലക്ടറേറ്റിലേക്കും മാർച്ച് നടത്തി. യൂത്ത് ലീഗ് കണ്ണൂർ കലക്ടറേറ്റിലേക്കും മാർച്ച് നടത്തി.