പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ

ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിനാണ് സാധ്യത.

Update: 2023-08-14 02:08 GMT
Advertising

കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കളെത്തും. ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ, വി.ഡി.സതീശൻ എന്നിവർക്കു പുറമെ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഘടകകക്ഷി നേതാക്കളും ചാണ്ടി ഉമ്മനായി ഇന്ന് പുതുപള്ളിയിലിറങ്ങും. ജെയ്ക്ക് സി.തോമസിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. വികസന വിഷയം ചർച്ചയാക്കിയാണ് ജെയ്ക്കിൻ്റെ പ്രചാരണം. ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിനാണ് സാധ്യത.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പ്രചരണവിഷയമാക്കിയാല്‍ മതിയെന്നും വ്യക്തിപരമായ വിവാദങ്ങളിലേക്കോ മറുപടികളിലേക്കോ പോകേണ്ടതില്ലെന്നുമാണ് സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനം. ആദ്യഘട്ട പ്രചരണത്തിന് മുഖ്യമന്ത്രി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളി,അയർക്കുന്നം പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തൃക്കാക്കരയിലേത് പോലെ മന്ത്രിമാർ പുതുപ്പള്ളിയില്‍ തമ്പടിക്കില്ല. അവസാനഘട്ട പ്രചരണത്തിന് മാത്രം മന്ത്രിമാർ എത്തിയാല്‍ മതിയെന്നാണ് സംസ്ഥാനകമ്മിറ്റി തീരുമാനം 31ന് ശേഷമായിരിക്കും രണ്ടാംഘട്ടപ്രചാരണം. 

വികസനപ്രവർത്തനങ്ങള്‍ക്ക് പ്രതിപക്ഷം തടസ്സം നില്‍ക്കുന്നുവെന്നും പുതുപ്പള്ളിയില്‍ ഇടത് മുന്നണി പറയും. എന്ത് വികസനപ്രവർത്തനത്തിന് സർക്കാർ മുന്‍കൈഎടുത്താലും പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്ക് പോയി അതിനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ പരാതി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റുമായും ബുദ്ധിമുട്ടിക്കുമ്പോഴും പ്രതിപക്ഷം മൗനം പാലിച്ചു തുടങ്ങിയവയാണ് ഇടത് മുന്നണി പുതുപ്പള്ളിയില്‍ ഉന്നയിക്കാൻ പോകുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News