'ഡാൻസാഫ് ലഹരി വിൽക്കുന്നതിനും തെളിവുണ്ട്; ഓഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ട്'-മീഡിയവൺ വാർത്തയിൽ പി.വി അൻവർ

'യുവാക്കളെ ലഹരി കാരിയർമാരും ബിസിനസുകാരും ആക്കി ഒരു ഘട്ടം കഴിഞ്ഞ് ഇവരെ പ്രതികളാക്കി ജയിലിലടക്കുന്നവർ ഡാൻസാഫിലുണ്ട്.'

Update: 2024-09-13 04:58 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മലപ്പുറത്ത് ഡാൻസാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവിട്ട മീഡിയവൺ വാർത്തയോട് പ്രതികരിച്ച് പി.വി അൻവർ എംഎൽഎ. ജനങ്ങളെയും സർക്കാരിനെയും പറ്റിച്ച് നിരവധി നിരപരാധികളെയാണു കുറേകാലമായി അജിത് കുമാറും സുജിത് ദാസും ഡാൻസാഫ് സംഘവും കേരളത്തിൽ കള്ളക്കേസിൽ കുടുക്കിയിട്ടുള്ളതെന്ന് അൻവർ പറഞ്ഞു. ഡാൻസാഫ് ലഹരി വിൽക്കുന്നതിനും തെളിവുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും ഓഡിയോ ക്ലിപ്പുകളും എനിക്കും ലഭിച്ചിട്ടുണ്ട്. ഇനിയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു.

ഡാൻസാഫും മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ എനിക്കു മുന്നിലുണ്ട്. ഇനിയും എത്രയോ പുറത്തുവരാനുണ്ട്. ഒരുപാട് നിരപരാധികളെ കേസിൽ കുടുക്കുകയും അപരാധികളെ രക്ഷപ്പെടുത്തുകയുമാണ് ഡാൻസാഫ് ചെയ്യുന്നത്. ലഹരി മരുന്ന് കൊണ്ടുവന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം ചെയ്യാൻ ലഹരി മാഫിയ സംഘത്തെ ഏൽപിക്കുകയും അവരെ തന്നെ ഉപയോഗിച്ച് ആളുകളെ കള്ളക്കേസിൽ കുടുക്കുകയുമാണു ചെയ്യുന്നതെന്നും അൻവർ പറഞ്ഞു.

''യുവാക്കളെ ലഹരി കാരിയർമാരും ബിസിനസുകാരും ആക്കുകയും ഒരു ഘട്ടം കഴിഞ്ഞ് ഇവരെ പ്രതികളാക്കി ജയിലിലടക്കുകയും ചെയ്യുന്നവരും ഡാൻസാഫിന്റെ കൂട്ടത്തിലുണ്ട്. ജീവിതത്തിൽ മയക്കുമരുന്ന് കണ്ടിട്ടുപോലുമില്ലാത്ത എത്രയോ നിരപരാധികളെ ഇവർ ജയിലിലടച്ചിട്ടുണ്ട്. മാസത്തെ കേസ് ക്വാട്ട തികയ്ക്കാൻ ഒരു ഭാഗത്ത് ഇതു നടക്കുമ്പോൾ മറുവശത്ത് യഥാർഥ പ്രതികൾ ലഹരി കച്ചവടം തുടരാനും അതിൽനിന്നു പണമുണ്ടാക്കാനും വിടുകയാണ്.

ജനങ്ങളെയും സർക്കാരിനെയും പറ്റിച്ച് നിരപരാധികളെ കേസിൽ കുടുക്കുന്ന പരിപാടികളാണ് കുറേകാലമായി അജിത് കുമാറും സുജിത് ദാസും ഡാൻസാഫ് സംഘവും കേരളത്തിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ എനിക്ക് ലഭിച്ചിട്ടുണ്ട്. സുജിത് ദാസ് പൊലീസ് വകുപ്പിൽ കയറിയതുതൊട്ട് സാമൂഹികവിരുദ്ധ, രാജ്യദ്രോഹക്കുറ്റങ്ങൾ ചെയ്തു പണമുണ്ടാക്കാനും ഇതിനു പൊലീസ് സേനയെ ഉപയോഗിക്കാനും ഗവേഷണം നടത്തി കോടികൾ സമ്പാദിച്ചയാളാണ് സുജിത് ദാസും എഡിജിപി അജിത് കുമാറും.''

ഈ മാഫിയയിലെ രണ്ട് കണ്ണികൾ മാത്രമാണ് സുജിത് ദാസും അജിത് കുമാറും. മലപ്പുറം എന്നും ഇതിന്റെ കേന്ദ്രമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് എത്തിക്കുന്നതും കച്ചവടം ചെയ്യുന്നതും പിടിക്കുന്നതും കേസുണ്ടാക്കുന്നതുമെല്ലാം ഇവർ തന്നെയാണ്. ഇതിന്റെ ഉത്ഭവസ്ഥാനം ഇതുവരെ പിടിക്കുകയും മുറിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതിന്റെ പിന്നിൽ ഇവർ തന്നെയായതുകൊണ്ടാണിതെന്നും അൻവർ പറഞ്ഞു.

എഡിജിപി അജിത് കുമാർ ഡിജിപിക്കു നൽകിയ മൊഴിയിലും അൻവർ പ്രതികരിച്ചു. ഇതുതന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. തീവ്രവാദി എന്നു വിളിക്കാൻ വളരെ എളുപ്പമാണല്ലോ.. തൻ ഉദ്ദേശിച്ചിടത്തേക്കാണു കാര്യങ്ങൾ പോകുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

Full View

Summary: PV Anvar MLA reacts to the MediaOne news that revealed the connection between the Dansaf and drug trafficking mafia in Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News