എംഎൽഎ സ്ഥാനം ഒഴിയാൻ പി.വി അൻവർ? നിർണായക പ്രഖ്യാപനം നാളെ
വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. അൻവർ നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.
വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അൻവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങൾക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
യുഡിഎഫിനൊപ്പം ചേരാനുള്ള നീക്കങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞ ദിവസം തൃണമൂലിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചത്. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരാന്‍ നിലവില്‍ നിയമതടസമുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യസഭാ അംഗത്വം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തൃണമൂല്‍ അന്‍വറിനു മുന്നില്‍ വച്ചതായും റിപ്പോര്‍ട്ടുണ്ട്.