യോഗം നടത്താൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഹാൾ നൽകിയില്ല; ഫാസിസ്റ്റ് നടപടിയെന്ന് പി.വി അൻവർ എംഎൽഎ
സംഘടനയുടെ തുടർനീക്കങ്ങൾക്ക് എറണാകുളം ജില്ലയിൽ കോഡിനേഷൻ കമ്മിറ്റിയുണ്ടാക്കുകയായിരുന്നു യോഗത്തിന്റെ അജൻഡ.
കൊച്ചി: പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യുടെ യോഗം നടത്താൻ ഹാൾ നൽകിയില്ലെന്ന പരാതിയുമായി പി.വി അൻവർ എംഎൽഎ. എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഹാൾ അനുവദിച്ചില്ലെന്നാണ് പരാതി. നടപടിക്കെതിരെ പ്രതിഷേധിച്ച അൻവർ മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.
സംഘടനയുടെ തുടർനീക്കങ്ങൾക്ക് എറണാകുളം ജില്ലയിൽ കോഡിനേഷൻ കമ്മിറ്റിയുണ്ടാക്കുകയായിരുന്നു യോഗത്തിന്റെ അജൻഡ. ഇതിന് രാവിലെതന്നെ മെയിൽ അയച്ചതാണെന്നും എന്നാൽ അനുമതി തരില്ലെന്നായിരുന്നു മറുപടിയെന്നും അൻവർ പറഞ്ഞു. ഇത് ഫാസിസമാണ്. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയുമായി ഇറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വകുപ്പാണല്ലോ എന്നും അൻവർ പ്രതികരിച്ചു.
എല്ലായിടത്തും ഇത്തരം യോഗം നടത്തുന്നുണ്ടെന്നും ജില്ലയിലെ പ്രധാന ആളുകളുമായുള്ള കൂടിയാലോചനയാണ് അതിലുണ്ടാവാറുള്ളതെന്നും അൻവർ പറഞ്ഞു. സാമൂഹിക സംഘടന എന്ന നിലയ്ക്കു തന്നെയാണ് അപേക്ഷ അയച്ചത്. രാഷ്ട്രീയ പാർട്ടിക്ക് കൊടുക്കാൻ പാടില്ലെന്നാണ് തീരുമാനമെന്നായിരുന്നു പിഡബ്ല്യുഡി അസി. എഞ്ചിനീയറുടെ മറുപടി. എന്നാൽ ഡിഎംകെ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള സംഘടനയാണെന്നും അതിനുള്ള കൂടിയാലോചനാ യോഗമാണെന്നും താൻ അറിയിച്ചു.
എന്നാൽ പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫാക്കി. തുടർന്ന് പിഡബ്ല്യുഡിയുടെ ബുക്കിങ് ഓഫീസിലേക്ക് വിളിച്ചപ്പോൾ, അനുമതി നൽകേണ്ട എന്നാണ് പറഞ്ഞതെന്നായിരുന്നു മറുപടി. ഇന്ന് യോഗത്തിനായി വന്നപ്പോൾ അനുമതിയില്ലെന്ന് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് യോഗത്തിനെത്തിയതെന്നും സ്വകാര്യമായി നടത്തേണ്ട യോഗം പബ്ലിക്കായി നടത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ താൻ വിളിച്ചു. മുറ്റത്ത് യോഗം നടത്തുമെന്നും മുറിയും ഹാളുമൊക്കെ തരാതെ ഈ പോരാട്ടത്തെ തടുത്തുനിർത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിയും കരുതുന്നുണ്ടെങ്കിൽ അത് നടക്കുന്ന കാര്യമല്ലെന്നും അൻവർ വ്യക്തമാക്കി. എല്ലാ അവകാശങ്ങളും അവർ രണ്ടു പേർക്ക് മാത്രമാണല്ലോയെന്നും മറ്റാർക്കും ഇല്ലല്ലോയെന്നും അൻവർ പ്രതികരിച്ചു.
എറണാകുളം ജില്ലയിൽ കോഡിനേഷൻ കമ്മിറ്റിയുണ്ടാക്കിയ ശേഷം ജില്ലാ, മണ്ഡല, പഞ്ചായത്ത് തലങ്ങളിൽ വിപുലമായ കൺവൻഷനുകൾ ഉണ്ടാവുമെന്നും അൻവർ കൂട്ടിച്ചേർത്തു. വൈകീട്ട് ആറരയോടെയാണ് അൻവറും പ്രവർത്തകരും റസ്റ്റ് ഹൗസിലെത്തിയത്. അനുമതി ലഭിക്കാതിരുന്നതോടെ റസ്റ്റ് ഹൗസിന് പുറത്ത് യോഗം ചേരുകയും ചെയ്തു.