ജെബി മേത്തറിന്‍റെ സ്ഥാനാര്‍ഥിത്വം: വിമര്‍ശിച്ച കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റിന് സസ്പെന്‍ഷന്‍

ചിലരുടെ മാത്രം സ്വത്തായി കോൺഗ്രസ് പാർട്ടി വരുമ്പോൾ വിമർശനം ഉണ്ടാവുമെന്ന് സ്നേഹ

Update: 2022-03-22 06:07 GMT
Advertising

ജെബി മേത്തറിനെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റിന് സസ്പെൻഷൻ. സ്നേഹ ആർ വിക്ക് എതിരെയാണ് നടപടി. തനിക്കെതിരെയുള്ള നടപടിക്ക് കാരണമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്ന് സ്നേഹ പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് സ്‌നേഹക്കെതിരെ എന്‍.എസ്.യു.ഐ ദേശീയ നേതൃത്വം നടപടി സ്വീകരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കാനാണ് പ്രസിഡന്റ് കെ.എം അഭിജിത്തിന് അയച്ച കത്തില്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ പരാതിയിന്മേലാണ് നടപടിയെന്നും ദേശീയ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെ നടപടിയെടുത്തില്ലെന്ന് സ്നേഹ ചൂണ്ടിക്കാട്ടി. ഇത് ഇരട്ടത്താപ്പാണ്. ഇതിനെ കോണ്‍ഗ്രസുകാരി എന്ന നിലയില്‍ വീണ്ടും വിമര്‍ശിക്കുന്നു. ചിലരുടെ മാത്രം സ്വത്തായി കോൺഗ്രസ് പാർട്ടി വരുമ്പോൾ വിമർശനം ഉണ്ടാവുമെന്നും സ്നേഹ വ്യക്തമാക്കി.

സ്നേഹയുടെ കുറിപ്പ്

നിലപാടാണ് എന്റെ പ്രസ്ഥാനം.. ഞാൻ എന്നേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം കോൺഗ്രസ്..

ഹൃദയപൂർവ്വം സ്വീകരിക്കുന്നു ഈ നടപടി. ഇതാണ് ഞങ്ങൾ സാധാരണക്കാർക്ക് വേണ്ട കേഡർ സിസ്റ്റം. എന്നാൽ ചിലരുടെ മാത്രം സ്വത്തായി കോൺഗ്രസ് പാർട്ടി വരുമ്പോൾ വിമർശനം ഉണ്ടാവും. എന്നാൽ എന്തിന്റെ പേരിലാണ് സസ്പെൻഷൻ തന്നത് എന്ന് മാത്രം വിശദീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ രാത്രി മുതൽ ഞാൻ ഉപയോഗിച്ചിരുന്ന എഫ്ബി പേജ് പോലും ചില സാമൂഹിക വിരുദ്ധർ മാസ്സ് റിപ്പോർട്ട് ചെയ്തു ബ്ലോക്കാക്കി. ഒന്ന് മാത്രം പറയുന്നു. നിലപാടാണ് എന്റെ പ്രസ്ഥാനം. എന്നാൽ ഇരട്ടത്താപ്പ് നയം വീണ്ടും ആവർത്തിച്ചു. അതിൽ ഒരു കോൺഗ്രസ്കാരി എന്ന നിലയിൽ വിമർശിക്കുന്നു വീണ്ടും. കഴിഞ്ഞ ദിവസം പഴംകുളം മധു ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ പരാമർശത്തിന് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഇരട്ടത്താപ്പായി കാണുന്നു.

പ്രസ്ഥാനം എന്റെ ജീവനാണ്..

നിലപാട് എന്റെ വ്യക്തിത്വമാണ്..

നിലപാടാണ് എന്റെ പ്രസ്ഥാനം.. ഞാൻ എന്നേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം കോൺഗ്രസ്സ് .. ഹൃദയപൂർവ്വം...

Posted by Sneha R V Haripad on Monday, March 21, 2022


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News