ഇടതു മുന്നണിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഇനി അടിമുടി മാറ്റം; എ. വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലൻ, ഇപി ജയരാജൻ എന്നിവരിൽ ഒരാൾ മുന്നണി കൺവീനറായേക്കും
സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ എൽഡിഎഫ് നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങളുണ്ടായേക്കും. പോളിറ്റ് ബ്യൂറോയിലെത്തിയ എ വിജയരാഘവൻ ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. പാർട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പ്രധാന നേതാക്കളെല്ലാം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് നേതൃത്വത്തിൽ ധാരണയായതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.
സംസ്ഥാനസെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുത്തലത്ത് ദിനേശനും മാറും. പി ശശി പൊളിറ്റിക്കൽ സെക്രട്ടറിസ്ഥാനത്ത് വരുമെന്നാണ് സൂചന. പി. ശശിയെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനകമ്മിറ്റി അംഗമാക്കിയത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വരാൻ വേണ്ടിയാണ് ശശിയെ സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തിയതെന്നാണ് അഭ്യൂഹം. പാർട്ടി രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയസംഘടന റിപ്പോർട്ടിൽ സിപിഎം പറഞ്ഞിരിന്നു. വിജയരാഘവൻ സ്ഥാനമൊഴിയുന്നതോടെ ഇടതു മുന്നണി പുതിയ കൺവീനറെ തെരഞ്ഞെടുക്കും.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലൻ, ഇപി ജയരാജൻ എന്നിവരിൽ ഒരാൾ മുന്നണി കൺവീനറായേക്കും. പുത്തലത്തിന് പാർട്ടിപത്രത്തിന്റെ ചുമതല നൽകുമെന്നാണ് സൂചന. സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ.ജെ. തോമസിനായിരുന്നു പത്രത്തിന്റെ ചുമതല.അദ്ദേഹം സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായതിനാൽ പുതിയ ആൾക്ക് ചുമതല നൽകണം. ഇത് പുത്തലത്ത് ദിനേശൻറെ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് അടുത്താഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനമുണ്ടായേക്കും.