ബി.ജെ.പിയും സി.പി.എമ്മും വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിൽ, ആത്മധൈര്യമില്ലാത്തതിനാൽ പേടിപ്പെടുത്താൻ നോക്കുന്നു: രാഹുൽഗാന്ധി
അഞ്ചു ദിവസത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ തന്നെ തളർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചുവെന്നും എം.പി ഓഫീസ് തകർത്താൽ തന്റെ പ്രകൃതം മാറ്റാമെന്ന് സിപിഎം കരുതിയെന്നും രാഹുൽ
വയനാട്: ബി.ജെ.പിയും സി.പി.എമ്മും വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്നും അവർക്ക് ആത്മധൈര്യമില്ലാത്തതിനാൽ പേടിപ്പെടുത്താൻ നോക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബഫർ സോൺ വിഷയത്തിൽ വയനാട്ടിൽ നടക്കുന്ന യുഡിഎഫ് പ്രതിഷേധത്തിലാണ് രാഹുലിന്റെ വിമർശനം. അഞ്ചു ദിവസത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ തന്നെ തളർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചുവെന്നും എം.പി ഓഫീസ് തകർത്താൽ തന്റെ പ്രകൃതം മാറ്റാമെന്ന് സിപിഎം കരുതിയെന്നും അദ്ദേഹം വിമർശിച്ചു. അവരുടെ ആശയ കുഴപ്പമാണിതെന്നും പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് താൻ കത്തയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്ന് രാഹുൽ വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയേയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബഫർ സോണിനകത്ത് ജനവാസ മേഖലകൾ ഉൾപ്പെടാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും രാഹുൽ പറഞ്ഞു.
തന്റെ ഓഫീസ് ആക്രമിച്ചതുകൊണ്ട് ഒന്നും നേടാനാകില്ലെന്നും ഇടതുസർക്കാറിന്റെ തെറ്റായ നടപടികൾ കാരണം വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടതുസർക്കാർ തീരുമാനം മാറ്റണമെന്നും വയനാട്ടിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം താൻ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും തെറ്റായ നയങ്ങൾക്കെതിരെ സമാധാനവഴിയിൽ സമരം ചെയ്യുമെന്നും അക്രമം തങ്ങളുടെ പാതയല്ലെന്നും രാഹുൽ വ്യക്തമാക്കി.
അതിനിടെ, രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് ബഹുജനറാലി നടത്തി. ആക്രമിക്കപ്പെട്ട ഓഫീസ് സന്ദർശിച്ച ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിൽ വൻ ജനാവലി അണിനിരന്ന റാലി നടത്തിയത്.
ഓഫീസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ലെന്ന് കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. ആക്രമണം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിൻറെ സാഹചര്യം ഉണ്ടാക്കി. നുപൂർ ശർമയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Rahul criticized CPM and BJP