'സിപിഎം തണലിലിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നു': നടന്‍ ഇര്‍ഷാദിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

രമ്യ ഹരിദാസിനെ പരിഹസിച്ചുള്ള ഇര്‍ഷാദിന്‍റെ കമന്‍റിനെതിരെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ വിമര്‍ശനം

Update: 2021-06-14 08:39 GMT
Advertising

രമ്യ ഹരിദാസ് എംപിയെ പരിഹസിച്ച നടന്‍ ഇര്‍ഷാദ് അലിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎമ്മിന്റെ തണലിലിരുന്ന് ഇര്‍ഷാദ് പച്ചയായ സ്ത്രീ വിരുദ്ധത പറയുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ രമ്യ ഹരിദാസ് പ്രതിഷേധിച്ചതിനെയാണ് ഇര്‍ഷാദ് അലി പരിഹസിച്ചത്. നടന്‍ ജഗതി ശ്രീകുമാര്‍ നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഹാസ്യ രംഗത്തിലെ ചിത്രത്തിനു താഴെ ഇര്‍ഷാദ്, രമ്യ ഹരിദാസ് റോഡില്‍ കുത്തിയിരിക്കുന്ന ചിത്രം കമന്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് രാഹുലിന്റെ വിമര്‍ശനം. ഇത്തരമൊരു പരിഹാസത്തിനു പിന്നില്‍ ഇര്‍ഷാദിന്റെ മെയില്‍ ഷോവനിസമോ ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന 'സവര്‍ണ ബോധമോ ' ആയിരിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. ഇർഷാദ് അലിമാരിൽ നിന്ന് സാമൂഹിക അകലം പാലിക്കാമെന്നും ഈ വൈറസുകളോട് ജാഗ്രത മാത്രം പോരാ ഭയവും വേണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ കോവിഡ് കാലത്ത് അതിനേക്കാൾ ഭീകരമായ ചില മനുഷ്യ വൈറസുകളുണ്ട്. എത്ര മാസ്ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാൻ. അത്തരത്തിൽ ഒരുത്തനാണ് ഇർഷാദ് അലി. സിനിമ നടൻ എന്നതിനേക്കാൾ സ്ത്രീകളെ അധിക്ഷേപിക്കുന്നവൻ എന്ന നിലയിലാണ് ഇയാൾക്ക് അറിയപ്പെടുവാൻ ആഗ്രഹമെന്ന് തോന്നുന്നു.

സിനിമയിലെ ഡയലോഗിലും എന്തിനേറെ പറയുന്നു ഒരു ആൾക്കൂട്ട സീനിലോ സംഘട്ടന സീനിലോ പോലും പൊളിടിക്കൽ കറക്ടനെസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇർഷാദ് അലി സിപിഎമ്മിന്‍റെ തണലിൽ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.

ഒരു വനിതാ പാർലമെൻ്റ് മെമ്പറിനെ വഴിയിൽ തടഞ്ഞ് സിപിഎംകാർ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, അവർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോൾ ഇർഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!

ഒരു പാർലമെൻ്റ് മെമ്പറിന് അത്തരത്തിൽ ഒരു അനുഭവം സിപിഎമ്മിൽ നിന്ന് ഉണ്ടാകുമോയെന്ന് ഓർത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് സിപിഎം കയ്യേറ്റത്തിന് വിധേയനായ എംവിആര്‍ ചരിത്ര തെളിവാണ്. സൈബറിടത്തിൽ പോലും അവർ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇർഷാദ് അലിക്ക് അറിയണമെങ്കിൽ, തൻ്റെ ഈ "റേഷ്യൽ/ ജൻ്റർ ജോക്ക് " ഏതെങ്കിലും സിപിഎം നേതാവിനെതിരെ ഉപയോഗിക്കൂ, താങ്കളുടെ പല തലമുറകളുടെ വെർച്ച്വൽ സംഗമം കാണാം!

പിന്നെയും എന്തുകൊണ്ടാണ് ഒരാൾ ജീവഭയത്താൽ നടുറോഡിൽ കുത്തിയിരിക്കുന്ന രംഗം കാണുമ്പോൾ അയാൾക്ക് ചിരി വരുക? അയാളിലെ മെയിൽ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെൺകുട്ടിയല്ലേയെന്ന " സവർണ ബോധമോ " ആയിരിക്കാം.

എന്തായാലും ഇർഷാദ് അലിമാരിൽ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വൈറസുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.

ഈ കോവിഡ് കാലത്ത് അതിനേക്കാൾ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. എത്ര മാസ്ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു...

Posted by Rahul Mamkootathil on Sunday, June 13, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News