'പുകവലിയെ പ്രോത്സാഹിപ്പിച്ചു'; മന്ത്രി സജി ചെറിയാനെതിരെ പരാതി
2003 ൽ പാർലമെൻ്റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് ജോൺ ഡാനിയൽ
തൃശൂർ: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകി. യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാൻ പരാമർശം നടത്തിയത്.
യു പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തിയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പരാമർശം. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത് എന്ന് മന്ത്രി പറഞ്ഞു."എഫ്ഐആറിൽ കൂട്ടംകൂടി പുകവലിച്ചു എന്നാണുള്ളത്. ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരുകെട്ട് ബീഡി വലിക്കുന്നയാളാണ് എം.ടി.വാസുദേവൻ നായർ," പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു.
മന്ത്രിയുടെ ഈ പ്രസ്താവന പുകവലിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോൺ ഡാനിയൽ പരാതി നൽകിയത്. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ജോൺ ഡാനിയൽ പറഞ്ഞു.
കുട്ടികളെ പുകവലിക്കാൻ പ്രോൽസാഹിപ്പിക്കുന്നത് കോട്പ നിയമപകരം കുറ്റകരമാണ്. മന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.