'വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി'; ചോദ്യപേപ്പർ ചോർച്ച കേസിൽ ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങൾ
- ഓൺലൈൻ സംവിധാനങ്ങൾക്ക് ചോദ്യപേപ്പർ ചോർത്തികൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് സംശയം ബലപ്പെട്ടുവെന്ന് പൊലീസ്
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു. ചോദ്യപേപ്പർ ചോർച്ച കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസിന്റെ നിരീക്ഷണം.
കോഴിക്കോട് ജില്ലാ കോടതിയിൽ ഇന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിച്ച വിവരങ്ങൾ ചോദ്യ പേപ്പർ ചോർന്നു എന്നതിന് തെളിവാണെന്ന് പൊലീസ് പറയുന്നു. ക്രിസ്മസ് ചോദ്യപേപ്പർ വിഡിയോയിൽ പലതും യഥാർത്ഥ ചോദ്യങ്ങൾ അതുപോലെ വന്നതാണ്. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പല വിവരങ്ങളും കൃത്യമായി വിഡിയോയിൽ പറയുന്നുണ്ട്. ചോദ്യപേപ്പർ ചോർത്തി കിട്ടിയാൽ അല്ലാതെ ഇത് കൃത്യത ഉണ്ടാകാൻ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
ഇത്തരത്തിലുള്ള ഓൺലൈൻ സംവിധാനങ്ങൾക്ക് ചോദ്യപേപ്പർ ചോർത്തികൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് സംശയം ബലപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ റാക്കറ്റ് പ്രവർത്തിക്കുന്നത്. നേരത്തെ നിലനിന്നിരുന്നതിനേക്കാൾ ഗുരുതര ആരോപണങ്ങളാണ് ഷുഹൈബിനെതിരെ നിലവിൽ പൊലീസ് ഉയർത്തിയിരിക്കുന്നത്.