'രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കൽ': ജമാഅത്തെ ഇസ്ലാമി

നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും ജമാഅത്ത്

Update: 2023-03-24 16:17 GMT
Advertising

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തോടുള്ള പക പോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി . രാഷ്ട്രീയ വിമർശനത്തെയും മറു ശബ്ദത്തേയും ഏറെ ഭീതിയോടെയാണ് ഫാസിസം കാണുന്നതെന്നും ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

"ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കലാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി. രാഷ്ട്രീയ വിമർശനത്തെയും മറു ശബ്ദത്തെയും ഏറെ ഭീതിയോടെയാണ് ഫാസിസം കാണുന്നത്. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ആഴം ഇത് വ്യക്തമാക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് വേണ്ടി നിലകൊള്ളാൻ കൂടുതൽ ആവേശം നൽകുകയാണ് നടപടി". അബ്ദുൽ അസീസ് പറഞ്ഞു.

Full View

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

അതേസമയം രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകിട്ട് അഞ്ചിന് കോൺഗ്രസ് അടിയന്തര യോഗം ചേരും.

രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News