മഴ കനക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൽക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീന ഫലമായാണ് മഴ. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്.
എന്നാൽ കാസർകോട് ജില്ലയിൽ കാറ്റും മഴയും ശക്തമാണ്. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. ശക്തമായ മഴയിൽ ദേശീയപാത ചെളിക്കുളമായി. പരക്കെ ചെയ്യുന്ന മഴയിൽ കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർധിച്ചു.
ഇടിമിന്നലിൽ പൈവളിക കയ്യാർ ബൊളമ്പാടിയിലെ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ വീടിൻ്റെ ഓടുകൾ ഇളകി വീണാണ് ഇവർക്കു പരിക്കേറ്റത്.
നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ക്രമാതീതമായി കൂടുന്നതിനാൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഷട്ടറുകൾ ഏത് സമയത്തും തുറക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. കാര്യങ്കോട്പുഴയുടെ ഇരുകരകളിലുമുള്ള തീരദേശ വാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ശക്തമായ മഴയിൽ ദേശീയപാത പലയിടത്തും ചെളിക്കുളമായി. 6 വരി ദേശീയ പാത നിർമ്മിക്കുന്നിടത്തെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കാസർകോട് ചെർക്കള, ചെറുവത്തൂർ എന്നിവിടങ്ങളിൽ യാത്ര പ്രയാസത്തിലാണ്. വെള്ളക്കെട്ട് കാരണം ഇരു ചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്നില്ല. ജില്ലയിലെ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്ര പ്രയാസത്തിലായ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ സന്ദർശിച്ചിരുന്നു. എത്രയും പെട്ടെന്ന് വെള്ളക്കെട്ട് ഒഴുവാക്കാൻ ദേശീയ പാത നിർമ്മാണ കരാറുകാർക്ക് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മാണ കരാറുകാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.