മഴ മുന്നറിയിപ്പ്; പെരിയാറിന്‍റെ തീരങ്ങളില്‍ അതീവ ജാഗ്രത
വെള്ളം ആലുവ - കാലടി ഭാഗങ്ങളിലെത്തിയത് വേലിയിറക്ക സമയത്തായതും ഗുണം ചെയ്തു
ഇടുക്കി അണക്കെട്ടിൽ നിന്ന് പുറന്തള്ളിയ വെള്ളം പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റം വരുത്തിയില്ല. വെള്ളം ആലുവ - കാലടി ഭാഗങ്ങളിലെത്തിയത് വേലിയിറക്ക സമയത്തായതും ഗുണം ചെയ്തു. അതേസമയം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പെരിയാറിന്‍റെ തീരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
ഇടുക്കിയിൽ നിന്നുള്ള വെള്ളം ഇന്നലെ രാത്രി ഏഴരയോടെയാണ് ഭൂതത്താൻകെട്ടിൽ എത്തിച്ചേർന്നത്. ഈ സമയത്ത് പെരിയാറിലെ ജലനിരപ്പിൽ 5 സെന്‍റിമീറ്റർ വർധനവ് രേഖപ്പെടുത്തി. രാത്രി 12.00 മണിക്ക് ശേഷമാണ് കാലടി, ആലുവ പ്രദേശങ്ങളിലേക്ക് ഇടുക്കി അണക്കെട്ടിലെ വെള്ളമെത്തിയത്. 12.40 മുതല്‍ അഞ്ച് മണി വരെ വേലിയിറക്കമായത് ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കി. നിലവിൽ പെരിയാറിൽ എല്ലായിടത്തും ജലനിരപ്പ് പ്രളയ മുന്നറിയിപ്പ് നിലയേക്കാൾ വളരെ താഴെയാണ്.
എന്നാല്‍ ശക്തമായ മഴയുണ്ടായാല്‍ ജലനിരപ്പിൽ വർധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ രാത്രിയോടെ തന്നെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായെത്തി. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം മഴയുടെ തോതനുസരിച്ച് ഇടമലയാർ ഡാമിൽ നിന്ന് പെരിയാറിലേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവിൽ തുടർക്രമീകരണം ഏർപ്പെടുത്തും.