കേരളത്തിൽ നാളെ മുതൽ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 20-ാം തിയതി വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി

Update: 2023-06-17 02:11 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട,എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 20-ാം തിയതി വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.

അതേസമയം കാലവർഷമെത്തി ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തിൽ മഴ കനത്തില്ല. ശരാശരിയിലും 58 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴയുടെ 25 ശതമാനത്തോളം മാത്രമാണ് കാസർകോടും വയനാടും പെയ്തത്. പ്രവചിച്ചതിലും 4 ദിവസം വൈകിയെത്തിയ കാലവർഷം ഒരാഴ്ച പിന്നിടുമ്പോഴും പെയ്യാൻ മടിച്ചു നിൽക്കുകയാണ്. പ്രതീക്ഷിച്ച മഴ കിട്ടിയത് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മാത്രം. ഏറ്റവും കൂടുതൽ മഴയുണ്ടാകുന്ന ഇടുക്കി,വയനാട് ജില്ലകളിലും കോട്ടയത്തുമാണ് കാലവർഷം നന്നേ ദുർബലം.

ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്കിൽ എവിടെയും പ്രതീക്ഷിച്ച മഴയില്ല. 282 മില്ലി മീറ്റർ മഴ കിട്ടേണ്ട വയനാട്ടിൽ പെയ്തത് 79 മില്ലി മീറ്റർ മഴ മാത്രം. 72 ശതമാനം കുറവ്. കാലവർഷം വൈകിയെത്തിയ കാസർകോട് 74 ശതമാനം മഴ കുറഞ്ഞു. കണ്ണൂർ,ഇടുക്കി,കോട്ടയം,പാലക്കാട് ജില്ലകളിലും കിട്ടേണ്ട മഴയുടെ 60 ശതമാനം കുറവാണ് ലഭിച്ചത്. കേരളത്തിന് മുന്നെ കാലവർഷമെത്തിയ ലക്ഷദ്വീപിലും 38 ശതമാനം മഴ കുറഞ്ഞു. കാലവർഷ മേഘങ്ങൾ സജീവമാണെങ്കിലും തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമല്ലാത്തതാണ് ആദ്യയാഴ്ച കാലവർഷം ദുർബലപ്പെടാൻ കാരണം.അടുത്തയാഴ്ചയോടെ മൺസൂൺ ശക്തമാകുമെന്നും സാധാരണ ലഭിക്കേണ്ട മഴ കിട്ടിത്തുടങ്ങുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News