''ഓക്‌സിജൻ തീർന്നെന്ന് ഡ്രൈവറെ പലതവണ അറിയിച്ചതാ... എങ്ങും നിർത്തിയില്ല''; ആരോപണങ്ങൾ ആവർത്തിച്ച് രാജന്റെ കുടുംബം

''അച്ഛൻ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഓക്‌സിജൻ കിട്ടുന്നില്ലെന്ന കാര്യം പറയുന്നുണ്ടായിരുന്നു. മാസ്‌ക് മാറ്റി വെക്കൂ പുള്ളി ശ്വസിക്കട്ടെ എന്നായിരുന്നു ഡ്രൈവറുടെ മറുപടി''

Update: 2022-08-17 03:24 GMT
Advertising

പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് രാജന്റെ കുടുംബം. രാജനുമായുള്ള യാത്രക്കിടെ ഓക്‌സിജൻ തീർന്നെന്ന് ആംബുലൻസ് ഡ്രൈവറെ പലതവണ അറിയിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് എത്തുന്നതിന് മുന്നെ നാല് ആശുപത്രികളുണ്ടായിരുന്നു. തങ്ങൾ ആവശ്യപ്പെട്ടിട്ടും എങ്ങും നിർത്താനോ ഹോസ്പിറ്റലിൽ കയറ്റാനോ ഡ്രൈവർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുവരെയും അന്വേഷണത്തിന്റെ ഭാഗമായി ആരും ബന്ധപ്പെട്ടില്ലെന്നും രാജന്റെ കുടുംബം മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയനായ ആംബുലൻസ് ഡ്രൈവറുടെ മൊഴി രേഖപെടുത്തും.

''അച്ഛൻ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഓക്‌സിജൻ കിട്ടുന്നില്ലെന്ന കാര്യം പറയുന്നുണ്ടായിരുന്നു. ഒക്‌സിജൻ തീർന്നെന്ന് ഡ്രൈവറെ പല തവണ അറിയിച്ചു. അപ്പോൾ മാസ്‌ക് മാറ്റി വെക്കൂ പുള്ളി ശ്വസിക്കട്ടെ എന്നായിരുന്നു മറുപടി. അതിനിടെ നാലോ അഞ്ചോ.. ആശുപത്രികളുണ്ടായിരുന്നു. എന്നാൽ എവിടെയും നിർത്താൻ പുള്ളി കൂട്ടാക്കിയില്ല. വണ്ടാനത്തെത്തി ഡോക്ടർ കണ്ടപാടെ പറഞ്ഞു രക്ഷയില്ലെന്ന്. ഇസിജി എടുത്തു നോക്കാമെന്ന് പറഞ്ഞു.. ശേഷം മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് ഡോക്ടർ പറയുകയും ചെയ്തു.''- രാജന്‍റെ മകന്‍ പറഞ്ഞു.

അതേസമയം രോഗി മരിച്ച സംഭവത്തിൽ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും അന്വേഷണങ്ങൾ തുടരുകയാണ്. രാജന്റെ മകന്റെ പരാതിയിൽ ആസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള വകുപ്പ് തല അന്വേഷണവും പുരോഗമിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ല എന്നാണ് കണ്ടെത്താൽ. മാധ്യമ വാർത്താക്കളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ എടുത്ത കേസിലും ഇന്ന് തുടർനീക്കങ്ങൾ ഉണ്ടായേക്കും.

ശ്വാസതടസത്തെ തുടർന്നാണ് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടർ രാജനെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്നുള്ള യാത്രാമധ്യേയാണ് ഓക്സിജൻ തീർന്ന്  രാജൻ മരിക്കുന്നത്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News