ഏഷ്യാനെറ്റ് ന്യൂസ് മുതലാളി,വ്യവസായി, ടെക്കി; ആരാണ് കേരളത്തിൽ ബിജെപിയെ നയിക്കാനെത്തുന്ന രാജീവ് ചന്ദ്രശേഖര്‍?
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ പരാമർശത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു


തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളെ മറികടന്ന് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന ബിജെപിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിൽ ഇനി പാര്‍ട്ടിയെ നയിക്കുക മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറായിരിക്കും. ജനറൽ സെക്രട്ടറി എം.ടി രമേശ്, മുൻ പ്രസിഡന്‍റ് വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. കോര്‍ കമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചതെന്നാണ് വിവരം. ഒരു വ്യവസായി ബിജെപിയുടെ തലപ്പത്തേക്ക് എത്തുന്നതും ഇതാദ്യമാണ്.
രണ്ട് പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവസമ്പത്തുമായാണ് രാജീവ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഐടി ആൻഡ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യ വികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത് ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തര ബിരുദവുമാണ്. കര്‍ണാടകയിൽ നിന്നും മൂന്ന് തവണ രാജ്യസഭയിലെത്തിയിരുന്നു.
സംസ്ഥാന ബിജെപിയിൽ, ഇതുവരെ പരിചതമല്ലാത്ത പല മാറ്റങ്ങൾക്കും രാജീവ് ചന്ദ്രശേഖറിൻ്റെ നായകത്വം വഴിയൊരുക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രതീക്ഷ. നിലവിൽ രാജീവ് ചന്ദ്രശേഖറിൻ്റെ മുന്നിൽ കടുത്ത വെല്ലുവിളിയാണുള്ളത്. ബിജെപിയിലെ ഗ്രൂപ്പിസത്തെ രാജീവ് എങ്ങനെ അതിജീവിക്കുമെന്നത് കണ്ടറിയേണ്ടതാണ്. ഉടനെ നടക്കാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ആദ്യ അജണ്ട. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് വൻ മുന്നേറ്റം നടത്താൻ, പുതിയ കർമപദ്ധതി തന്നെയുണ്ടാകും. ഇതിനു ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പരമ്പരാഗത രീതിവിട്ടുള്ള പ്രവർത്തനങ്ങളാണ് ബിജെപി ഇനി നടത്താൻ പോകുന്നത്. ഐടി മേഖലയിലെ രാജീവ് ചന്ദ്രശേഖറിൻ്റെ വൈദഗ്ധ്യം ഇതിനായി ബിജെപി ദേശീയ നേതൃത്വം ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണു രാജീവിന്‍റെ ജനനം. കര്‍ണാടകയില്‍ നിന്നാണ് കേരളത്തിലേക്കുള്ള വരവ്. തൃശൂർ കൊണ്ടയൂരിലാണ് അമ്മവീട്. വ്യവസായ രംഗത്താണ് രാജീവ് ആദ്യം കയ്യൊപ്പ് പതിപ്പിക്കുന്നത്. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഇന്‍റലില്‍ ജോലി ചെയ്തിരുന്ന രാജീവ് 1991 മുതല്‍ ആണ് ബെംഗളൂരു കേന്ദ്രീകരിച്ച് വ്യവസായം ആരംഭിച്ചത്. ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവിനെ വിവാഹം കഴിച്ചതോടെയായിരുന്നു ഇത്. 1994-ല്‍ രാജീവാണ് ബിപിഎല്‍ മൊബൈല്‍ സ്ഥാപിക്കുന്നത്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്താണ് ബിപിഎല്‍ ആദ്യം പേജറും പിന്നീട് മൊബൈലും ഇറക്കുന്നത്.
2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്വന്തം കമ്പനി രൂപീകരിച്ചു. 2006 അവസാനത്തോടെ രാജീവ് ചന്ദ്രശേഖര്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷനില്‍ നിക്ഷേപം സ്വന്തമാക്കി. ഇതോടെ മാധ്യമ രംഗത്തേക്കും രാജീവ് കടന്നുവന്നു. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഹോള്‍ഡിംഗ് കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
കേരളത്തിന് രാജീവ് ചന്ദ്രശേഖര്‍ കൂടുതൽ സുപരിചിതനാകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്. ശശി തരൂരിന്‍റെ മുഖ്യ എതിരാളിയായി കളത്തിൽ നിറഞ്ഞു നിന്ന രാജീവ് ഫലം പുറത്തുവന്നപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും രാജീവ് തലസ്ഥാനത്ത് സജീവമായതോടെ അദ്ദേഹം നിയമസഭയോ ലോക്സഭയോ ലക്ഷ്യമിടുന്നുണ്ടെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
‘ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്’
രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് ‘വിഷം അല്ല കൊടും വിഷമാണെന്നും അദ്ദേഹം അത് ഒരു അലങ്കാരമായാണ് കാണുന്നതെന്നുമായിരുന്നു തൊട്ടടുത്ത ദിവസം പരാമർശിച്ചത്. കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാ വിഭാഗത്തിന്റെ പ്രാർഥനാ സമ്മേളന വേദിയിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി മാർട്ടിൻ ഡൊമനിക്ക് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.