അഴിമതി ഇല്ലാതാക്കാൻ ഹൈക്കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ച് രമേശ് ചെന്നിത്തല
കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ സംസ്ഥാനത്തിന് വിജിലൻസ് കമ്മീഷൻ വേണമെന്നതാണ് രമേശ് ചെന്നിത്തല മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം
കൊച്ചി: അഴിമതി ഇല്ലാതാക്കാൻ ഹൈക്കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ച് രമേശ് ചെന്നിത്തല. വലിയ മുതൽമുടക്കുള്ള പദ്ധതികളുടെ സൂക്ഷമ പരിശോധനക്കായി കമ്മീഷനെ നിയോഗിക്കണം, സ്‌റ്റേറ്റ് വിജിലൻസ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ കരാറുകാരെ തീരുമാനിക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു.
എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ഹരജിയിലാണ് സിറോ അഴിമതി സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ സംസ്ഥാനത്തിന് വിജിലൻസ് കമ്മീഷൻ വേണമെന്നതാണ് രമേശ് ചെന്നിത്തല മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം.
വലിയ മുതൽമുടക്കുള്ള പദ്ധതികളിൽ ഈ കമ്മീഷന്റെ മേൽനോട്ടത്തിലാകണമെന്നും നിർദേശത്തിലുണ്ട്. വിജിലൻസ് കമ്മീഷനെ തെരഞ്ഞെടുക്കുന്നതിലും ചില നിർദേശങ്ങൾ രമേശ് ചെന്നിത്തല മുന്നോട്ടുവെക്കുന്നുണ്ട്. ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയോ അധ്യക്ഷനായി ഒരു സമിതി രൂപീകരിക്കുക. ആ സമിതി ഈ കമ്മീഷനിലേക്ക് ആളുകളെ ശിപാർശ ചെയ്യുക. മാത്രമല്ല ഈ പേരുകൾ പൊതുമധ്യത്തിൽ ലഭ്യമാക്കുന്നതോടൊപ്പം തന്നെ പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹരജി സമർപ്പിച്ച്, ആദ്യഘട്ടത്തിലെ വാദം നടന്ന വേളയിൽ തന്നെ രമേശ് ചെന്നിത്തലയോടും വി.ഡി സതീശനോടും അഴിമതി ഇല്ലാതാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല ഇപ്പോൾ നിർദേശങ്ങൾ സമർപ്പിച്ചത്. നേരത്തേ വി.ഡി സതീശനും നിർദേശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.