രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി
12 പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില്‍ പങ്കാളികളായി
കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 12 പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില്‍ പങ്കാളികളായി. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോയിൽ പങ്കെടുത്തു. കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മണ്ണഞ്ചേരി സ്വദേശി അജ്മൽ, വട്ടയാൽ സ്വദേശി അനൂപ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുൾകലാം, മണ്ണഞ്ചേരി സ്വദേശി അബ്ദുൾകലാം, മുല്ലാത്ത് സ്വദേശി സഫറുദ്ദീൻ സലീം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ജസീം, കല്ലൂപ്പാല സ്വദേശി നവാസ്, ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ, എന്നിവരാണ് 15 പ്രതികൾ. വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
എസ്.ഡി.പി.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ.എന്നാൽ ഇരട്ട കൊലയിൽ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കഴിഞ്ഞ ആഴ്ചയിലാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്. 2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു.പിറ്റേന്ന് രാവിലെ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്.ഡി.പി.ഐ പ്രവർത്തകരായ പതിനഞ്ചു പേരാണ് പ്രതികൾ. ഇവർ മാവേലിക്കര ജില്ലാ ജയിലിലാണ്.
രണ്‍ജിത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിന്‍റെ വാദം നടന്നത് മാവേലിക്കര അഢീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്. ഷാൻ വധക്കേസിൽ 13 ആർഎസ്എസ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.