നിയമനക്കോഴ കേസ്: മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ
തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്
പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.പത്തനംതിട്ട പൊലീസിന്റെ പ്രത്യേക സംഘമാണ് ആണ് പിടികൂടിയത്. സി.ഐ.ടി.യു ഓഫീസുമായി ബന്ധപ്പെട്ട കേസിലാണ് പിടികൂടിയത്. അഖിൽ സജീവനെ പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്. ഡിവൈഎസ്പി നന്ദകുമാറിനെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.
നിയമനക്കോഴ വിവാദം പുറത്ത് വന്ന ശേഷമാണ് അഖിൽ സജീവ് ഒളിവിൽ പോയത്. സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരിക്കെ മൂന്ന് ലക്ഷം രൂപ ലെവി തട്ടിയെടുത്ത കേസ് അഖിൽ സജീവിനെതിരെ നിലവിലുണ്ട്. ഈ കേസിലാണ് അറസ്റ്റ് ചെയ്തിക്കുന്നത്. ഈ കേസിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും നിയമനക്കോഴ കേസിലെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ നടക്കുക.
ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ അഖിൽ സജീവനെയും ലെനിനെയും പ്രതി ചേർത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് പ്രതിചേർത്തത്. വ്യാജ ആയുഷ് മെയിൽ ഐ.ഡി ഉണ്ടാക്കിയത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വഞ്ചനാക്കുറ്റം ആൾമാറാട്ടം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നതും ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
അതേസമയം, കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസും ഒളിവിലാണ്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.