തീരദേശവാസികൾക്ക് ആശ്വാസം; 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

കരട് പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നതോടെ നിലവിൽ വരും

Update: 2024-06-29 01:04 GMT
Advertising

കോഴിക്കോട്: തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരും. പുതിയ ഇളവുകൾ തീരദേശ വാസികൾക്ക് ആശ്വാസമാകും. ഇളവുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിമർശനം.

നിയമസഭയിൽ നൽകിയ മറുപടിയിലാണ് സർക്കാർ നിയമത്തിൽ ഇളവ് നലകാനുള്ള നടപടിയെ കുറിച്ച് വ്യക്തമാക്കിയത്. ഇതിനായി കരട് തീരദേശ പരിപാലന പ്ലാൻ തയാറാക്കി. കേന്ദ്ര നിയമത്തിൽ വന്ന ഭേദഗതിയുടെ തുടർച്ചയായാണ് നടപടി. നിർമ്മാണ നിയന്ത്രണം നിലനിൽക്കുന്ന 66 തീരദേശ പഞ്ചായത്തുകൾ സിആർസെഡിൽ മൂന്നിൽ നിന്ന് സിആർസെഡ് രണ്ടിലേക്ക് മാറും. ഇതോടെ നിയന്ത്രണങ്ങൾക്ക് ഇളവ് വരും.

പൊക്കാളി പാടങ്ങളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 1000 ച. മി. അധികം വിസ്തീർണമുള്ള കണ്ടൽകാടുകളുടെ ബഫർ സോൺ ഒഴിവാക്കാനും കരടിൽ നിർദേശമുണ്ട്. ഉൾനാടൻ ജലാശയങ്ങളുടെ നിർമാണ നിരോധന മേഖല 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറക്കുമെന്നും കരടിൽ പറയുന്നു. പുതിയ ഇളവുകൾ തീരദേശ ആവാസവ്യവസ്ഥയെ തകർക്കുന്നത് വേഗത്തിലാക്കും എന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നുണ്ട്.

തീരദേശവസികൾക്ക് ആശ്വാസമേകാൻ എന്ന് കാട്ടിയാണ് സർക്കാർ പുതിയ ഇളവുകൾ കൊണ്ട് വരുന്നത്. നാഷണൽ സെൻ്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെൻ്റിന് സമർപ്പിച്ച കരട് പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്നതോടെ നിലവിൽ വരും.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News