പ്രിയങ്കാ ഗാന്ധി പുത്തുമലയിൽ; ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ചയിടത്ത് പുഷ്പാർച്ചന

പത്രികാ സമർപ്പണ ശേഷം പ്രിയങ്ക ആദ്യമെത്തിയത് പുത്തുമലയിലാണ്.

Update: 2024-10-23 10:26 GMT
Advertising

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ‍ ജീവൻ വെടിഞ്ഞവരെ കൂട്ടമായി സംസ്കരിച്ചയിടത്തെത്തി വയനാട് ഉപതെര‍ഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ​ഗാന്ധി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മറമാടിയ സ്ഥലത്തെത്തിയ പ്രിയങ്ക ഖബറിടങ്ങളിൽ പുഷ്പാർച്ചന നടത്തി.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ പ്രിയങ്ക അനുസ്മരിച്ചു, പ്രാർഥിച്ചു. പ്രിയങ്കയ്ക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ​ഗാന്ധിയും ടി. സിദ്ധീഖ് എംഎൽഎയും മറ്റു നേതാക്കളും ഉണ്ടായിരുന്നു.

പത്രികാ സമർപ്പണ ശേഷം പ്രിയങ്ക ആദ്യമെത്തിയത് പുത്തുമലയിലാണ്. റോഡ് ഷോയുടെ ഭാ​ഗമായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ പ്രിയങ്ക വയനാട്ടുകാരുടെ ധൈര്യത്തെ പ്രകീർത്തിച്ചിരുന്നു. വലിയൊരു ദുരന്തത്തെ അതീജിവിച്ച ജനതയാണ് വയനാട്ടുകാരെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

തിരിച്ചറിയാത്ത 48 മൃതദേഹങ്ങളും 216 ശരീരഭാഗങ്ങളുമാണ് പുത്തുമലയിൽ സംസ്കരിച്ചിരിക്കുന്നത്. ഇവ ആരുടെയൊക്കെയാണ് കണ്ടെത്താനുള്ള ഡിഎൻഎ പരിശോധനകൾ തുടരുകയാണ്. ദുരന്തമുണ്ടായ സമയത്തും പ്രിയങ്ക രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിലെത്തുകയും ഇരകളെ ചേർത്തുനിർത്തുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പമാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ‍ പ്രിയങ്ക കല്‍പ്പറ്റ കലക്ട്രേറ്റിലെത്തിയത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമര്‍പ്പിച്ചത്. വയനാടിന്‍റെ ഭാഗമാകാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെത്തിയ പ്രിയങ്കയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News