വീണ്ടും ഭക്ഷ്യ വിഷബാധ; കോഴിക്കോട്ട് ഒരു കുടുംബത്തിലെ നാലുപേർ ചികിത്സയിൽ
ഒരു കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. കോഴിക്കോട് ചാത്തന്നൂരാണ് നാല് പേർക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർ ഇന്ന് ഉച്ചക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ നാല് പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. പൊന്മാനിക്കുടം സ്വദേശി ഉസൈബ ( 56)ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറിലധികം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു.
ഇതിനു പിന്നാലെ തൃശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയിൽ എട്ടിലധികം ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടി. ഇവർക്കെതിരെ കടുത്ത നടപടിയും സ്വീകരിച്ചിരുന്നു.