തൃശൂർ പൂരം കലക്കൽ: 'സാമൂഹികാന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടന്നു, എഡിജിപി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ല': മുഖ്യമന്ത്രി
'തൃശൂർ പൂരത്തിൽ തുടക്കം മുതൽ പ്രശ്‌നങ്ങളുണ്ടായി'
തിരുവനന്തപുരം: അഭിമുഖ വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. 'പൂരത്തിൻ്റെ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായി. തറവാടക സംബന്ധിച്ച പ്രശ്നം സർക്കാർ പരിഹരിച്ചു. ആനകളുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി. സാമൂഹികാന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടന്നു. എഡിജിപി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ല. റിപ്പോർട്ട് ലഭിച്ചത് സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ്.'- മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലായിരുന്നു വാർത്താസമ്മേളനം. എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിന് മുൻപുണ്ടായ മന്ത്രിസഭായോഗത്തിൽ തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചു. സംസ്ഥാന ഒരു മണിക്കൂറിന് മുകളിലാണ് മന്ത്രിസഭായോഗം നീണ്ടുനിന്നത്. ത്രിതല അന്വേഷണമാണ് നടക്കുക. എഡിജിപി എം.ആർ അജിത്കുമാറിൻ്റെ വീഴ്ചകൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ചും പൊലീസിൻ്റെ വീഴ്ച ഇൻ്റലിജൻസ് മേധാവിയും അന്വേഷിക്കും.
'സംസ്ഥാനത്തെ സാമൂഹ്യന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് അത് നടപ്പാക്കിയത്. അക്കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് മുൻനിർത്തി ആസൂത്രിതമായ നീക്കം നടന്നു. സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത ശ്രമവും അംഗീകരിക്കില്ലെ'ന്നും മുഖ്യമന്ത്രി പറഞ്ഞു.
'ദ ഹിന്ദു'വിലെ വിവാദ അഭിമുഖത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. 'ദ ഹിന്ദു' ദിനപത്രത്തിന് അഭിമുഖം നൽകണമെന്ന് ആവശ്യപ്പെട്ടത് മുൻ എംഎൽഎ ടി.കെ.ദേവകുമാറിന്റെ മകൻ സുബ്രമണ്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സർക്കാറോ താനോ ഒരു പി.ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. അഭിമുഖം നടക്കുമ്പോൾ പി.ആർ ഏജൻസി പ്രതിനിധി റൂമിലേക്ക് വന്നെന്നും' മുഖ്യമന്ത്രി സ്ഥിരീകരിച്ചു.
'അഭിമുഖം പ്രസിദ്ധീകരിച്ചു വന്നപ്പോൾ താൻ പറയാത്ത ഭാഗം അതിൽ ഉണ്ടായി. ഏതെങ്കിലും ഒരു ജില്ലയോ ഒരു വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല താനെന്നും' അദ്ദേഹം പറഞ്ഞു. പറയാത്ത ഭാഗം കൂട്ടിച്ചേർത്തിൽ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പിണറായി മറുപടി പറഞ്ഞില്ല.