ലീഗിനെ ക്ഷയിപ്പിക്കുന്നത് സമസ്തയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
‘ഈ രാജ്യം മതേതര ഇന്ത്യയായി നിലനിൽക്കണോ എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ചോദ്യം. സമദാനി മൗലൂദും ഹദ്ദാദും നടത്തുന്നുണ്ടോ, സി.ഐ.സി പ്രശ്നത്തിൽ പാണക്കാട് തങ്ങൾമാർ 'സമസ്ത' പറഞ്ഞതെല്ലാം കേട്ടനുസരിച്ചോ തുടങ്ങിയ മഹാപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയല്ല ഇന്ത്യൻ പാർലമെന്റ്’
സമസ്തയുടെ പേരിൽ ലീഗിനെ ക്ഷയിപ്പിക്കുന്നത് സമസ്തയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് സിഐസി ജനറൽസെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. സമസ്തയുടെ പേര് പറഞ്ഞുയർത്തിയ വിവാദങ്ങളിൽ ശക്തമായ പ്രതികരണവുമായാണ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി രംഗത്തെത്തിയിരിക്കുന്നത്.
ഭൂമിയിലെ അഭിമാനകരമായ അസ്തിത്വത്തിനും അർഹമായ അവകാശങ്ങൾക്കും വേണ്ടിയാണ് മനുഷ്യകുലം രാഷ്ട്രീയം കയ്യാളിയിട്ടുള്ളത്. മുസ്ലിം ലീഗും അതിനു വേണ്ടിയാണ് സ്വതേ പ്രവർത്തിക്കുന്നതും കൂട്ടുകൂടുന്നതും. അതുമിതും പറഞ്ഞു തടസ്സപ്പെടുത്താതിരിക്കുകയാണ് രാജ്യ,സമുദായ നന്മയിൽ താല്പര്യമുള്ളവർ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഇടുങ്ങിയ ചിന്തകൾക്കൊന്നും ചെവി കൊടുക്കാൻ പൊതുനേതൃത്വത്തിനാകില്ല.
മുസ്ലിം ലീഗിനുള്ള പിന്തുണ സൈദ്ധാന്തികമാണ്. നിലവിലുള്ള വലിയ രാഷ്ട്രീയ സംഘമാണതെന്നതു പ്രധാനമാണ്. ‘മുസ്ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക’ എന്ന് 'സമസ്ത' ഭരണഘടന ലക്ഷ്യമായി പറയുന്നു. സമസ്തയുടെ പേരിൽ ലീഗിനെ ക്ഷയിപ്പിക്കുന്നത് സമസ്തയുടെ പാരമ്പര്യത്തിനും വിരുദ്ധമാണ്. സമസ്തയുടെ നയം ഇപ്പോൾ നേതൃത്വത്തിലിരിക്കുന്ന ചിലർക്ക് മാത്രമറിയുന്ന, അവർ മാത്രം നിശ്ചയിക്കുന്ന രഹസ്യമല്ല,അങ്ങനെയല്ല ആവേണ്ടത്. സമസ്തക്ക് രാഷ്ട്രീയമില്ല. കാരണം അതൊരു രാഷ്ട്രീയ പാർട്ടിയല്ല.ലീഗ് ഭൂരിപക്ഷ സമസ്തക്കാർ സ്വീകരിച്ചു പോന്ന രാഷ്ട്രീയ പാർട്ടിയാണ്. ഇക്കാര്യം ശംസുൽ ഉലമാ പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്. സമസ്തക്ക് നേതാക്കൾ മാത്രമല്ല അംഗങ്ങൾ കൂടിയുണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉന്നതമൂല്യങ്ങൾ റദ്ദ് ചെയ്യപ്പെടുമോ എന്ന ഭീതിയിലാണ് നാം ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കുട്ടികൾ രക്ഷിതാക്കളെ ധിക്കരിക്കുന്നു, ഏതോ സംഘടനയിൽ അനുയായികൾ നേതൃത്വത്തെ മറികടക്കുന്നു തുടങ്ങിയ കൊച്ചു കാര്യങ്ങൾ ഇവിടെ വിഷയമല്ല. കേരളത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനസഖ്യം മത്സരരംഗത്തിറക്കിയിട്ടുള്ളത് രാജ്യത്തിന് അഭിമാനിക്കാവുന്ന ശ്രേഷ്ഠ പുരുഷന്മാരെയാണ്. രാഹുൽ ഗാന്ധിയും ശശി തരൂരും ഇ.ടി യും സമദാനിയും കെ.സി വേണുഗോപാലും രംഗത്തുണ്ട്. ഈ രാജ്യം മതേതര ഇന്ത്യയായി നിലനിൽക്കണോ എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ചോദ്യം. സമദാനി മൗലൂദും ഹദ്ദാദും നടത്തുന്നുണ്ടോ, സി.ഐ.സി പ്രശ്നത്തിൽ പാണക്കാട് തങ്ങൾമാർ 'സമസ്ത' പറഞ്ഞതെല്ലാം കേട്ടനുസരിച്ചോ തുടങ്ങിയ മഹാപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയല്ല ഇന്ത്യൻ പാർലമെന്റ്.
പാണക്കാട് ഉമ്മത്തിന്റെ പൊതു നേതൃത്വമാണ്; പണ്ഡിത നേതൃത്വം മാത്രമല്ല.പൊതു നേതൃത്വത്തെ മാനിക്കാൻ പണ്ഡിത നേതൃത്വത്തിനും ബാധ്യതയുണ്ട്. ഇടുങ്ങിയ സംഘടനാ പക്ഷപാതിത്വങ്ങളും തൻ പോരിമകളും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. നാലു ഭാഗത്തേക്കും നാല് സരണികളായി (മദ്ഹബുകൾ/ വ്യത്യസ്ത വീക്ഷണങ്ങൾ) തുറന്നു കിടക്കുന്ന ഇസ്‍ലാമിന്റെ ലാളിത്യവും സൗന്ദര്യവും ഉമ്മത്തിനും രാജ്യത്തിനും ലോകത്തിനും ധാരാളമായി ആസ്വദിക്കാൻ കഴിയണം. അതിനാണ് മുഖ്യധാര മുസ്ലിം സമൂഹം തുനിയേണ്ടത്. ലോക മുസ്ലിം മുഖ്യധാര നമുക്കു നൽകുന്ന പാഠമതാണ്.
ഫാസിസം ഇന്ത്യയെ ഇടുക്കി ക്കൊണ്ടിരിക്കുകയാണ്. അമിതോക്തിയും അക്ഷരാഡംബരങ്ങളും കാമ്പിനു പകരം തൊലിപ്പുറത്തുള്ള അള്ളിപിടുത്തങ്ങളും സർവ്വനാശത്തിലേക്കേ നമ്മെ നയിക്കൂ. ജൂതന്മാർക്കു പറ്റിയതതാണ്. ഹിറ്റ്ലറുടെ ഫാഷിസത്തിനു അത് ആക്കംകൂട്ടി. സമകാലിക ഇന്ത്യൻ മത ഫാഷിസത്തിനും അത് ആക്കം കൂട്ടും. അതേസമയം അവസാനം ഇന്ത്യൻ മതഫാഷിസത്തിനു അന്ത്യം കുറിക്കുന്നതും അതുതന്നെയായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കമ്യൂണിസം മുഴുത്ത ഫാഷിസമാണ്. ചരിത്രം അതാണ് നമ്മോട് പറഞ്ഞിട്ടുള്ളത്. പുറമേ അതു മതവിരുദ്ധവുമാണ്. കമ്മ്യൂണിസത്തിനു 'തികച്ചും ഭൗതികമായ അജണ്ടകളേ ഉള്ളൂ' എന്ന് ലോകത്തെവിടെയും ഒരുകാലത്തും കമ്മ്യൂണിസ്റ്റുകാർ പോലും പറഞ്ഞിട്ടില്ല. അവരോട് വിഷയാധിഷ്ഠിതമായി സഹകരിച്ച സോവിയറ്റ് മുസ്ലിംകളുടെ ചരിത്രം നമുക്ക് മുൻപിലുണ്ട്. അവർ കമ്മ്യൂണിസത്തിനു വോട്ടേ കൊടുത്തിരുന്നുള്ളൂ; മനസ്സ് കൊടുത്തിരുന്നില്ല. പക്ഷേ കൂട്ടക്കുരുതിയാണ് അവർക്ക് തിരിച്ചു കിട്ടിയത്. (ഇത് എക്കാലത്തെയും വിനീത തിരിച്ചറിവാണ്. മറിച്ചു പ്രചരിപ്പിക്കപ്പെടുന്നത് സമയത്ത് ആവശ്യപ്പെട്ടിട്ടും തിരുത്തപ്പെടാത്ത തെറ്റാണ്.)
ഇസ്ലാം മതത്തിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം ഇസ്‍ലാമിന്റെ സുപ്രധാന ഭാഗമാണ്. മദീനയിൽ ഒരു മതേതര സ്റ്റേറ്റ് സ്ഥാപിച്ചു അതിന്റെ ഭരണച്ചുമതല ഏറ്റെടുക്കുകയാണ് നബി ആദ്യം ചെയ്തതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ചരിത്രത്തിൽ ഇസ്‍ലാമിന്റെ പൊതുനേതൃത്വം നബി (സ ) യും ഖുലഫാഉമാണ് കയ്യാളിരുന്നത്. ശരീഅ പണ്ഡിതന്മാർ ആവശ്യാനുസരണം കൂടിയാലോചനകളിൽ പങ്കെടുത്തു പോരുക മാത്രം ചെയ്തു. ഇന്നും ആ രീതിയാണ് മുസ്ലിം ലോകത്തെവിടെയും തുടരുന്നത്. ജനാധിപത്യ പ്രക്രിയയിൽ സ്ഥാനാർത്ഥികളെ നിർത്തി നേരിട്ടു മത്സരിപ്പിക്കാത്തവർ ഗാലറിയിൽ ഇരുന്നു നിർദ്ദേശങ്ങൾ നൽകുന്നത് വിപരീതഫലമേ ഉണ്ടാക്കൂ. ഏതായാലും ജനത്തിനു വേണ്ട തിരിച്ചറിവുണ്ട്. ഏതു കാര്യത്തിൽ ആരെ കേൾക്കണം എന്നവർക്കറിയാം.
ഭൂമിയിലെ അഭിമാനകരമായ അസ്തിത്വത്തിനും അർഹമായ അവകാശങ്ങൾക്കും വേണ്ടിയാണ് മനുഷ്യകുലം രാഷ്ട്രീയം കയ്യാളിയിട്ടുള്ളത്. മുസ്ലിം ലീഗും അതിനു വേണ്ടിയാണ് സ്വതേ പ്രവർത്തിക്കുന്നതും കൂട്ടുകൂടുന്നതും. അതുമിതും പറഞ്ഞു തടസ്സപ്പെടുത്താതിരിക്കുകയാണ് രാജ്യ,സമുദായ നന്മയിൽ താല്പര്യമുള്ളവർ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഇടുങ്ങിയ ചിന്തകൾക്കൊന്നും ചെവി കൊടുക്കാൻ പൊതുനേതൃത്വത്തിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജയ് 'INDIA' !
-------------
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഉന്നതമൂല്യങ്ങൾ റദ്ദ് ചെയ്യപ്പെടുമോ എന്ന ഭീതിയിലാണ് നാം ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.കുട്ടികൾ രക്ഷിതാക്കളെ ധിക്കരിക്കുന്നു, ഏതോ സംഘടനയിൽ അനുയായികൾ നേതൃത്വത്തെ മറികടക്കുന്നു തുടങ്ങിയ കൊച്ചു കാര്യ ങ്ങൾ ഇവിടെ വിഷയമല്ല.
കേരളത്തിൽ സ്വാതന്ത്ര്യ പ്രസ്ഥാനസഖ്യം മത്സരരംഗത്തിറക്കിയിട്ടുള്ളത് രാജ്യത്തിന് അഭിമാനിക്കാവുന്ന ശ്രേഷ്ഠ പുരുഷന്മാരെയാണ്. രാഹുൽ ഗാന്ധിയും ശശി തരൂരും ഇ.ടി യും സമദാനിയും കെ.സി വേണുഗോപാലും രംഗത്തുണ്ട്. ഈ രാജ്യം മതേതര ഇന്ത്യയായി നിലനിൽക്കണോ എന്നതാണ് നമ്മുടെ മുൻപിലുള്ള വലിയ ചോദ്യം.
സമദാനി മൗലൂദും ഹദ്ദാദും നടത്തുന്നുണ്ടോ, CIC പ്രശ്നത്തിൽ പാണക്കാട് തങ്ങൾമാർ 'സമസ്ത' പറഞ്ഞതെല്ലാം കേട്ടനുസരിച്ചോ തുടങ്ങിയ മഹാപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയല്ല ഇന്ത്യൻ പാർലമെന്റ്. പാണക്കാട് ഉമ്മത്തിന്റെ പൊതു നേതൃത്വമാണ്; പണ്ഡിത നേതൃത്വം മാത്രമല്ല.പൊതു നേതൃത്വത്തെ മാനിക്കാൻ പണ്ഡിത നേതൃത്വത്തിനും ബാധ്യതയുണ്ട്.
ഇടുങ്ങിയ സംഘടനാ പക്ഷപാതിത്വങ്ങളും തൻ പോരിമകളും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. നാലു ഭാഗത്തേക്കും നാല് സരണികളായി (മദ്ഹബുകൾ/ വ്യത്യസ്ത വീക്ഷണങ്ങൾ) തുറന്നു കിടക്കുന്ന ഇസ്ലാമിൻ്റെ ലാളിത്യവും സൗന്ദര്യവും ഉമ്മത്തിനും രാജ്യത്തിനും ലോകത്തിനും ധാരാളമായി ആസ്വദിക്കാൻ കഴിയണം. അതിനാണ് മുഖ്യധാര മുസ്ലിം സമൂഹം തുനിയേണ്ടത്. ലോക മുസ്ലിം മുഖ്യധാര നമുക്കു നൽകുന്ന പാഠമതാണ് .
ഫാസിസം ഇന്ത്യയെ ഇടുക്കി ക്കൊണ്ടിരിക്കുകയാണ്. അമിതോക്തിയും അക്ഷരാഡംബരങ്ങളും കാമ്പിനു പകരം തൊലിപ്പുറത്തുള്ള അള്ളിപിടുത്തങ്ങളും സർവ്വനാശത്തിലേക്കേ നമ്മെ നയിക്കൂ. ജൂതന്മാർക്കു പറ്റിയതതാണ്. ഹിറ്റ്ലറുടെ ഫാഷിസത്തിനു അത് ആക്കംകൂട്ടി. സമകാലിക ഇന്ത്യൻ മത ഫാഷിസത്തിനും അത് ആക്കം കൂട്ടും. അതേസമയം അവസാനം ഇന്ത്യൻ മതഫാഷിസത്തിനു അന്ത്യം കുറിക്കുന്നതും അതുതന്നെയായിരിക്കും!
കമ്മ്യൂണിസം മുഴുത്ത ഫാഷിസമാണ്. ചരിത്രം അതാണ് നമ്മോട് പറഞ്ഞിട്ടുള്ളത്. പുറമേ അതു മതവിരുദ്ധവുമാണ്. കമ്മ്യൂണിസത്തിനു 'തികച്ചും ഭൗതികമായ അജണ്ടകളേ ഉള്ളൂ' എന്ന് ലോകത്തെവിടെയും ഒരുകാലത്തും കമ്മ്യൂണിസ്റ്റുകാർ പോലും പറഞ്ഞിട്ടില്ല. അവരോട് വിഷയാധിഷ്ഠിതമായി സഹകരിച്ച സോവിയറ്റ് മുസ്ലിംകളുടെ ചരിത്രം നമുക്ക് മുൻപിലുണ്ട്. അവർ കമ്മ്യൂണിസത്തിനു വോട്ടേ കൊടുത്തിരുന്നുള്ളൂ;മനസ്സ് കൊടുത്തിരുന്നില്ല. പക്ഷേ കൂട്ടക്കുരുതിയാണ് അവർക്ക് തിരിച്ചു കിട്ടിയത്. (ഇത് എക്കാലത്തെയും വിനീത തിരിച്ചറിവാണ്. മറിച്ചു പ്രചരിപ്പിക്കപ്പെടുന്നത് സമയത്ത് ആവശ്യപ്പെട്ടിട്ടും തിരുത്തപ്പെടാത്ത തെറ്റാണ്.)
ഇസ്ലാം മതത്തിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം ഇസ്ലാമിൻ്റെ സുപ്രധാന ഭാഗമാണ്. മദീനയിൽ ഒരു മതേതര സ്റ്റേറ്റ് സ്ഥാപിച്ചു അതിന്റെ ഭരണ ച്ചുമതല ഏറ്റെടുക്കുകയാണ് നബി (സ) ആദ്യം ചെയ്തത്.
ചരിത്രത്തിൽ ഇസ്ലാമിൻ്റെ പൊതുനേതൃത്വം നബി (സ ) യും ഖുലഫാഉമാണ് കയ്യാളിരുന്നത്. ശരീഅ പണ്ഡിതന്മാർ ആവശ്യാനുസരണം കൂടിയാലോചനകളിൽ പങ്കെടുത്തു പോരുക മാത്രം ചെയ്തു. ഇന്നും ആ രീതിയാണ് മുസ്ലിം ലോകത്തെവിടെയും തുടരുന്നത്. ജനാധിപത്യ പ്രക്രിയയിൽ സ്ഥാനാർത്ഥികളെ നിർത്തി നേരിട്ടു മത്സരിപ്പിക്കാത്തവർ ഗാലറിയിൽ ഇരുന്നു നിർദ്ദേശങ്ങൾ നൽകുന്നത് വിപരീതഫലമേ ഉണ്ടാക്കൂ. ഏതായാലും ജനത്തിനു വേണ്ട തിരിച്ചറിവുണ്ട്. ഏതു കാര്യത്തിൽ ആരെ കേൾക്കണം എന്നവർക്കറിയാം.
ഭൂമിയിലെ അഭിമാനകരമായ അസ്തിത്വത്തിനും അർഹമായ അവകാശങ്ങൾക്കും വേണ്ടിയാണ് മനുഷ്യകുലം രാഷ്ട്രീയം കയ്യാളിയിട്ടുള്ളത്. മുസ്ലിം ലീഗും അതിനു വേണ്ടിയാണ് സ്വതേ പ്രവർത്തിക്കുന്നതും കൂട്ടുകൂടുന്നതും. അതുമിതും പറഞ്ഞു തടസ്സപ്പെടുത്താതിരിക്കുകയാണ് രാജ്യ,സമുദായ നന്മയിൽ താല്പര്യമുള്ളവർ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഇടുങ്ങിയ ചിന്തകൾക്കൊന്നും ചെവി കൊടുക്കാൻ പൊതുനേതൃത്വത്തിനാകില്ല.
മുസ്ലിം ലീഗിനുള്ള പിന്തുണ സൈദ്ധാന്തികമാണ്. നിലവിലുള്ള വലിയ രാഷ്ട്രീയ സംഘമാണതെ ന്നതു പ്രധാനമാണ്. "മുസ്ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക" എന്ന് 'സമസ്ത' ഭരണഘടന ലക്ഷ്യമായി പറയുന്നു.സമസ്തയുടെ പേരിൽ ലീഗിനെ ക്ഷയിപ്പിക്കുന്നത് സമസ്തയുടെ പാരമ്പര്യത്തിനും വിരുദ്ധമാണ്. സമസ്തയുടെ നയം ഇപ്പോൾ നേതൃത്വത്തിലിരിക്കുന്ന ചിലർക്ക് മാത്രമറിയുന്ന, അവർ മാത്രം നിശ്ചയിക്കുന്ന രഹസ്യമല്ല;അങ്ങനെയല്ല ആവേണ്ടത്. സമസ്തക്ക് രാഷ്ട്രീയമില്ല. കാരണം അതൊരു രാഷ്ട്രീയ പാർട്ടിയല്ല.ലീഗ് ഭൂരിപക്ഷ സമസ്തക്കാർ സ്വീകരിച്ചു പോന്ന രാഷ്ട്രീയ പാർട്ടിയാണ്. ഇക്കാര്യം ശംസുൽ ഉലമാ(ന.മ)പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്.സമസ്തക്ക് നേതാക്കൾ മാത്രമല്ല അംഗങ്ങൾ കൂടിയുണ്ട്!
-- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
25/4/2024