ജർമ്മൻ പൗരൻ റോളൻ മോസ്ലെയ്ക്ക് ലക്ഷദ്വീപിലെന്തു കാര്യം?

ലക്ഷദ്വീപിലെ ആൾപ്പാർപ്പില്ലാത്ത മൂന്ന് ദ്വീപുകൾ വിദേശകമ്പനികൾക്ക് തീറെഴുതാൻ ശ്രമമെന്ന് ആരോപണം

Update: 2021-06-15 16:48 GMT
Editor : abs | By : Web Desk
Advertising

ബങ്കാരം ഉൾപ്പെടെ ലക്ഷദ്വീപിലെ ആൾപ്പാർപ്പില്ലാത്ത മൂന്ന് ദ്വീപുകൾ വിദേശകമ്പനികൾക്ക് തീറെഴുതാൻ ശ്രമമെന്ന് ആരോപണം. ടൂറിസത്തിന്റെ പേരു പറഞ്ഞാണ് ദ്വീപുകളിൽ വിദേശ ഇടപെടലിന് കളമൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് എളമരം കരീം എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു.

കഴിഞ്ഞ 10 മാസമായി ദ്വീപിൽ തങ്ങുന്ന ജർമൻ പൗരൻ റോളൻ മോസ്ലെയുടെ സാന്നിദ്ധ്യം ദുരൂഹമാണെന്ന് കത്തിൽ കരീം ആരോപിച്ചു. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ബിജെപി പ്രസിഡന്റിന്റെ സംരക്ഷണയിൽ കഴിയുന്നയാളാണ് മോസ്ലെ. ലക്ഷദ്വീപിൽ ഇദ്ദേഹത്തിന്റെ താമസം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ദ്വീപിലേക്ക് അനധികൃതമായി എത്തിയതിന്റെ പേരിൽ ഇദ്ദേഹത്തെ ലക്ഷദ്വീപ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയെങ്കിലും ദ്വീപിൽ സൈ്വര്യവിഹാരം നടത്തി ജാമ്യവ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്. അവിടത്തെ ജനങ്ങൾ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന വേളയിലാണിത്. കഴിഞ്ഞ വർഷം കവരത്തി പൊലീസ് മോസ്ലെയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ കുറ്റപത്രം നൽകാനോ തയ്യാറായിട്ടില്ല- കരീം ചൂണ്ടിക്കാട്ടി.

സംസ്ഥാന ബിജെപി പ്രസിഡണ്ടിന്റെ മകനാണ് ദ്വീപിൽ മോസ്ലെയുടെ സ്‌പോൺസർ. സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാതിരിക്കുന്നത്. കഴിഞ്ഞ വർഷം ബംഗാരം ദ്വീപിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശനം നടത്തുമ്പോഴും അവിടെ മോസ്ലെയുണ്ടായിരുന്നു- കരീം കൂട്ടിച്ചേർത്തു.

നിലവിൽ ബങ്കാരം ദ്വീപിൽ പിഡബ്ല്യൂവിന് വേണ്ടി സാറ അബോഡ് എന്ന കമ്പനി തടി ഉപയോഗിച്ച് ഹട്ടുകൾ നിർമിക്കുന്നുണ്ട്. ഹട്ടിന്റെ നിർമാണമേൽനോട്ടം മോസ്ലെയ്ക്കാണ് എന്നാണ് പറയപ്പെടുന്നത്. 2011 വരെ ഇന്ത്യയിൽ തങ്ങാൻ അനുമതിയുണ്ടായിരുന്ന വിദേശിയാണ് ഇയാൾ. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News